പേരാമ്പ്ര : ആധുനികരീതിയിൽ പുനർനിർമിച്ച പേരാമ്പ്രയിലെ മത്സ്യമാർക്കറ്റിൽ വൈദ്യുതീകരണജോലികൾ ബാക്കിയായതിനാൽ തുറന്ന് നൽകുന്നത് വൈകുന്നു. ഒരു തവണ പ്രവൃത്തി പഞ്ചായത്ത് ടെൻഡർ നടത്തിയിരുന്നെങ്കിലും ആരുമെടുക്കാത്തതാണ് പൂർത്തീകരണത്തിന് താമസിച്ചത്.
2019-ലാണ് കെട്ടിടനിർമാണത്തിനുള്ള നടപടി തുടങ്ങിയത്. നിർമാണം പൂർത്തിയായിട്ട് മാസങ്ങളായെങ്കിലും അവസാന ഘട്ട പ്രവൃത്തികൾ പൂർത്തീകരിക്കാൻ വൈകുകയായിരുന്നു. അടുത്തമാസം ഉദ്ഘാടനം നടത്തുന്നത് പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. മാർക്കറ്റിന്റെ പ്രവേശനഭാഗത്ത് താർപ്പായ കെട്ടിയതിന് കീഴിൽ പരിമിതമായ സ്ഥല സൗകര്യമുപയോഗിച്ചാണ് ഇപ്പോഴത്തെ മത്സ്യവിൽപ്പന. മഴ പെയ്യുമ്പോൾ ചെളിവെള്ളത്തിൽ ചവിട്ടിനിന്നുവേണം മത്സ്യം വാങ്ങാൻ.
പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റേയും ഫണ്ട് ഉപയോഗിച്ച് 55 ലക്ഷംരൂപ ചെലവിലാണ് മത്സ്യമാർക്കറ്റ് നവീകരിച്ചത്. മത്സ്യവിൽപ്പനയ്ക്കായി മേൽക്കൂര ഷീറ്റിട്ട് നിർമിച്ച വിശാലമായ ഹാളും മേൽക്കൂര വാർപ്പുള്ള എട്ട് മുറികളും പുതിയ കെട്ടിടത്തിലുണ്ട്. മുറികളിൽ ഇറച്ചിവിൽപ്പനയുമുണ്ടാകും. മത്സ്യ വിൽപ്പന നടത്താൻ എല്ലാവർക്കും ഇരിപ്പിടവും മത്സ്യംവെക്കാൻ കോൺക്രീറ്റ് സ്ലാബും സജ്ജമാക്കി ടൈൽ പതിച്ചതാണ്. സ്ലാബിന് താഴെ മലിനജലം ഒലിച്ചുപോകാൻ ചാലുകളും നിർമിച്ചിട്ടുണ്ട്.
18 വർഷംമുമ്പ് നിർമിച്ച കെട്ടിടമായിരുന്നു മത്സ്യമാർക്കറ്റിനായി നേരത്തെ ഉണ്ടായിരുന്നത്. 2001-2002 കാലത്താണ് പഞ്ചായത്ത് ഷോപ്പിങ് കോപ്ലക്സിന് പിറകിലുള്ള ഒരേക്കറോളം സ്ഥലത്ത് മത്സ്യ മാർക്കറ്റിന് കെട്ടിടം നിർമിച്ചത്. എന്നാൽ കടപ്പ പാകിയനിലത്ത് വെള്ളം വീഴുമ്പോൾ വഴുക്കലാണെന്ന കാരണത്താൽ കച്ചവടക്കാർ വിൽപ്പന പുറത്തേക്ക് മാറ്റുകയായിരുന്നു. 2019 പകുതിയോടെ ഇത് പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിച്ചത്. 6.5 ലക്ഷത്തിന്റെ പ്രവൃത്തി ശനിയാഴ്ച വീണ്ടും ടെൻഡർ ചെയ്തു. അടുത്ത ദിവസം പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.