കൊടിയത്തൂർ : ‘വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാനില്ലത്ര’ എന്ന അവസ്ഥയിലാണ് ചെറുവാടിയിലെ ചില പ്രദേശങ്ങൾ. മൂപ്പരിച്ചാലിൽ, വളെയാപാറ, വേക്കാട്ട്, കണിച്ചാടി, കണ്ടങ്ങൽ, തേലീരി, കപ്യേടത്ത് എന്നിവ ഉൾപ്പെടുന്ന മേഖലയുടെ ഒരുവശത്തുകൂടെയാണ് ഇരുവഴിഞ്ഞിപ്പുഴ ഒഴുകിവന്ന് ചാലിയാറുമായി സംഗമിക്കുന്നത്. മറുവശത്ത്, പുഴയെക്കാൾ താഴ്ന്നുകിടക്കുന്ന പുഞ്ചപ്പാടം. എന്നാൽ, പുഴയേക്കാൾ ഉയർന്നുനിൽക്കുന്ന പ്രദേശങ്ങളിലെ മുന്നൂറോളം കുടുംബങ്ങൾ വേനലിൽ വെള്ളംകിട്ടാതെ കഷ്ടപ്പെടുകയാണ്. ഒരുമാസത്തിലേറെയായി ഗ്രാമപ്പഞ്ചായത്ത് വാഹനങ്ങളിലെത്തിച്ചുനൽകുന്ന കുടിവെള്ളമാണ് ഇവർക്കാശ്രയം.

താങ്ങായി കല്ലൻതോട് പദ്ധതി

2016-ൽ നടപ്പാക്കിയ കൂട്ടക്കടവിലെ കല്ലൻതോട് പശ്ചിമഘട്ട നീർത്തടപദ്ധതി പ്രദേശത്തെ ജലക്ഷാമം കുറയ്ക്കാൻ ഉതകുന്നതാണ്. വേനലിൽ ഷട്ടർതുറന്നാൽ പുഴയിൽനിന്ന് കല്ലൻതോട്ടിലൂടെയും വയലിലൂടെയും വെള്ളം ഉൾനാട്ടിലേക്കെത്തും. കിണറുകളിലും കുളങ്ങളിലുമൊക്കെ ജലനിരപ്പുയരും. പക്ഷേ, ഇതിന് ഏപ്രിൽ 15 കഴിയണം. പാടത്തെ കൊയ്ത്തുകഴിഞ്ഞേ ഷട്ടർ തുറക്കാനാകൂ. കൊയ്യാനായ നെല്ല് നശിക്കുമെന്നതാണ് കാരണം. കഴിഞ്ഞാഴ്ച പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയത് പരിഗണിച്ച് ഒരു ഷട്ടർ ഉയർത്തിയിരുന്നു. എന്നാൽ, കൊയ്ത്തു നടക്കുന്ന പാടത്തേക്ക് വെള്ളം കയറുമെന്ന സാഹചര്യമുണ്ടായപ്പോൾ ഷട്ടറടച്ച് വെള്ളം തടയുകയായിരുന്നു.

കൊയ്ത്ത് കഴിയാതെ ഷട്ടർ തുറക്കാനാകില്ല

മുപ്പതോളം വർഷംമുൻപ് അപ്രത്യക്ഷമായ പുഞ്ചക്കൃഷി വീണ്ടെടുക്കാനാണ് കല്ലൻ തോട് പശ്ചിമഘട്ട നീർത്തട പദ്ധതി ആവിഷ്കരിച്ചത്. പുഴനിരപ്പിനെക്കാൾ താഴ്ന്നാണ് ചെറുവാടിയിലെ വയൽപ്രദേശം കിടക്കുന്നത്. മഴക്കാലത്ത് പ്രദേശം വെള്ളത്തിനടിയിലാകും. മറ്റുസമയങ്ങളിൽ പുഴയിൽനിന്ന്‌ വെള്ളം കയറും. കവണക്കല്ല് റെഗുലേറ്റർ കംബ്രിഡ്ജ് വന്നതോടെ വേനലിലും പുഴനിറയെ വെള്ളമുണ്ടാകുമെന്നതിനാൽ വയലിലും കൂടുതലായി വെള്ളംകയറും.

മഴക്കാലത്ത് വയലിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനും അല്ലാത്തപ്പോൾ വയലിലേക്ക് പുഴയിൽനിന്ന് വെള്ളം കയറുന്നതു തടയാനും കൃഷിയാവശ്യത്തിന് ക്രമീകരിക്കാനും സാധിക്കുന്ന വിധത്തിൽ സ്പിൽവേ മാതൃകയിൽ കല്ലൻതോട് നവീകരിച്ച് കൂട്ടക്കടവിൽ ഷട്ടറിട്ടു.

കല്ലൻതോട് പദ്ധതിയുടെ ഫലമായി ചെറുവാടിയിൽ 200 ഏക്കറിലധികം പുഞ്ചപ്പാടം പുനഃസൃഷ്ടിക്കാനായി. വേനലാകുമ്പോൾ ഷട്ടർ തുറന്നാൽ ജലദൗർലഭ്യം ഉള്ള സ്ഥലങ്ങളിൽ ജലലഭ്യത കൂടും. പക്ഷേ പാടത്തെ കൊയ്ത്ത് കഴിയുംവരെ കാത്തിരിക്കാതെ വയ്യ. ഷട്ടർ ഇന്ന് തുറക്കും

വയലുകളിലെ കൊയ്ത്ത് കഴിഞ്ഞ സാഹചര്യത്തിൽ ശനിയാഴ്ച ഷട്ടർ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത്, കൃഷിവകുപ്പ് അധികൃതർ വയൽപ്രദേശം സന്ദർശിച്ച് കർഷകരുമായി ചർച്ച ചെയ്തതു പ്രകാരം വെള്ളിയാഴ്ച ഷട്ടറുയർത്താനായിരുന്നു ധാരണയായത്. ചില കർഷകർക്ക് കൊയ്തു​െവച്ച കറ്റ വയലിൽനിന്ന് നീക്കാൻ ബാക്കിവന്നതുകൊണ്ടാണ് തുറക്കുന്നത് ശനിയാഴ്ചത്തേക്കാക്കിയത്.

ഷംലൂലത്ത്

കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ശാശ്വത പരിഹാരം ഉണ്ടാക്കും

കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരം അനിവാര്യമാണ്. കൂളിമാട് ആസ്ഥാനമായുള്ള മെഗാ കുടിവെള്ള പദ്ധതിയിൽനിന്ന് ഇവിടേക്ക് വെള്ളമെത്തിക്കുകയാണ് സാധ്യമായ എളുപ്പമാർഗം. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കൂളിമാടുനിന്ന് വെള്ളം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കാൻ പരിശ്രമിക്കും.

എം.ടി. റിയാസ്

ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ