താമരശ്ശേരി: കാടിനെക്കുറിച്ചുള്ള അറിവുപകരുന്നതിനൊപ്പം കാനനഭംഗി ആവോളം നുകരാൻ അവസരമൊരുക്കി വനപർവം. വനം- വന്യജീവി വകുപ്പിന് കീഴിൽ ഈങ്ങാപ്പുഴയ്ക്കടുത്ത് കാക്കവയലിലുള്ള വനപർവം ജൈവ വൈവിധ്യ ഉദ്യാനം വെറും കാടല്ല. കാടിനെക്കുറിച്ച് തലമുറകളിലേക്ക് പകർന്നുനൽകേണ്ടുന്ന അറിവിന്റെ ശേഖരം കൂടിയായതിനാലാണ് വനപർവം എന്ന പേരുതന്നെ നൽകിയിരിക്കുന്നത്. വിദ്യാർഥികൾക്ക് വനത്തെ അറിയാനും അതിന്റെ സംതുലനാവസ്ഥ നേരിട്ടറിയാനും അപൂർവ സസ്യങ്ങളെ കണ്ടറിയാനും ഒക്കെയാണ് വനത്തിന്റെ നിശ്ചിതഭാഗം വനപർവം എന്നപേരിൽ സജ്ജീകരിച്ചത്.

കടുത്ത വേനലിനും തണലും തണുപ്പും കാത്തു സൂക്ഷിക്കുന്ന വനപർവം ഏപ്രിലിലും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ശനി, ഞായർ, ദിവസങ്ങളിൽ നൂറിലേറെ സഞ്ചാരികൾ കാടിനെ അറിയാനും കാനനഭംഗി ആസ്വദിക്കാനും വനപർവത്തിൽ എത്തുന്നുണ്ട്. വനപർവത്തിനു നടുവിലെ പാത്തിപ്പാറ വെള്ളച്ചാട്ടം വേനലിൻ ശുഷ്കിച്ചെങ്കിലും ഔഷധസസ്യശേഖരവും തണുത്ത കാലാവസ്ഥയും വനത്തെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരെയും മാനസ്സിക ഉല്ലാസത്തിനായി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരെയും ഒരേപോലെ ആകർഷിക്കുന്നുണ്ട്.

വനപർവത്തോട് ചേർന്ന് 250-ഏക്കറിലേറെ വനഭൂമി വനംവകുപ്പിന്റെ നിയന്ത്രണത്തിലുണ്ട്. നിലവിൽ 25-ഏക്കർ വനഭൂമിയാണ് വനപർവം എന്നപേരിൽ സജ്ജീകരിച്ചിരിക്കുന്നത്. കോവിഡിന് മുൻപ് വിദ്യാർഥികൾക്കായി ഒരുവർഷം മുന്നൂറിലേറെ പഠന ക്യാമ്പുകൾ നടക്കുന്ന സ്ഥലമായിരുന്നു ഇവിടം. കഴിഞ്ഞ ഒരു വർഷമായി ക്യാമ്പുകൾ നടക്കുന്നില്ല. എങ്കിലും പതിവിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക ടൂറിസം വർധിച്ചിട്ടുണ്ട് എന്നാണ് 2011-ൽ ഉദ്യാനം ആരംഭിച്ച കാലംമുതൽ ഇവിടെ വാച്ചർ ആയി ജോലിചെയ്യുന്ന ബേബി വർഗീസ് പറയുന്നത്‌. കോവിഡ് കാരണം സഞ്ചാരികൾ ദീർഘദൂരയാത്രകൾ കുറച്ചപ്പോൾ പ്രാദേശിക ടൂറിസം വർധിച്ചതായി ഇദ്ദേഹം പറയുന്നു. ചെറുപ്രാണികളെ ഭക്ഷിക്കുന്ന നെഫെന്തസ് ചെടിയും ഔഷധഗുണങ്ങളേറെയുള്ള ആരോഗ്യ പച്ചയും ഉൾപ്പെടെ നൂറുകണക്കിന് അപൂർവസസ്യങ്ങളുടെ പരിപാലനം ഇവിടെ നടക്കുന്നുണ്ട്.

വെരുക്, മരപ്പട്ടി, പന്നി, മുള്ളൻപന്നി, മുയലിനോളം ചെറിയ കൂരമാൻ ഉൾപ്പെടെ ജീവികളും വനപർവത്തിൽ കഴിയുന്നുണ്ട്. കൂടാതെ പഠനക്യാമ്പിന്റെ ഭാഗമായെത്തുന്ന കുട്ടികൾക്ക് ഒത്തുകൂടാനായി ഇന്റർപ്രട്ടേഷൻ സെന്ററും ഉണ്ട്. പാത്തിപ്പാറനദിക്ക് കുറുകെ തൂക്കുപാലം ഉൾപ്പെടെയുള്ള രണ്ടാംഘട്ട വികസനത്തിനായുള്ള കാത്തിരിപ്പിലാണ് വനപർവം ഇന്ന്. പാർക്കിനുള്ളിലെ ചെറിയ ഊടുവഴികളിലൂടെ കാടിനെ അറിഞ്ഞ് ട്രക്കിങ്ങിന് പോവാനുള്ള സൗകര്യം നിലവിൽ ഉണ്ടെങ്കിലും രണ്ടാംഘട്ട വികസനം ട്രക്കിങ്ങിനും കൂടുതൽ ഊന്നൽ നൽകിയാവും നടക്കുക. ശലഭപാർക്ക്, ജന്മനക്ഷത്ര വനം എന്നിവയാണ് വനപർവത്തിന്റെ മറ്റൊരു പ്രത്യേകത. ഏതാണ്ട് മുന്നൂറോളം ഇനം വൃക്ഷങ്ങളാണ് ഇവിടെയുള്ളത്.

കുട്ടികൾക്കായി ജൈവവൈവിധ്യ ഉദ്യാനം എന്നാണ് വനപർവത്തിന്റെ ലക്ഷ്യമെങ്കിലും വലിപ്പ ചെറുപ്പമില്ലാതെ കാടിനെ അറിയാൻ ആഗ്രഹിക്കുന്നവരെല്ലാം ഇന്നീ കാനനഭംഗിയിലേക്ക് എത്തുന്നുണ്ട്. കാക്കവയലിലെ വനപർവം ജൈവവൈവിധ്യ ഉദ്യാനംപുതിയ അനുഭവം

ലോക്ഡൗണിന് ശേഷം വീണ്ടും ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നപ്പോളാണ് വനപർവത്തെക്കുറിച്ച് അറിയുന്നതും ഇവിടേക്ക് വരുന്നതും. വനപർവം പുതിയ അനുഭവവും അറിവും ആയി. ഇതു വരെ കേട്ടുമാത്രം അറിഞ്ഞ അപൂർവ സസ്യങ്ങളെ കാണാൻ കഴിഞ്ഞു. യാത്ര ചെയ്യുന്ന സ്ഥലത്തെ പൂർണമായി അറിയാൻ കഴിയുക എന്നത് ഏതൊരു യാത്രികനും കൊതിക്കുന്ന ഒരു കാര്യമാണ്. വനപർവം അത് സാധ്യമാക്കി.

അനുപമ കമല, പേരാമ്പ്രകാടറിവിന്റെ കേന്ദ്രം

കാടിനെ അറിയാനും അപൂർവസസ്യങ്ങളെയും ഔഷധച്ചെടികളെയും മനസ്സിലാക്കാനും ഏറെ അനുയോജ്യമായ സ്ഥലമാണ് വനപർവം. വിദ്യാർഥികൾക്ക് ഉല്ലസിച്ചുകൊണ്ട് കാടിനെ അറിയാൻ പറ്റിയ ഒരിടമാണിത്.

ലീല്ലാമ്മ

ടൂറിസ്റ്റ് ഗൈഡ്പ്രാദേശിക ടൂറിസം വർധിച്ചു

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന അവസ്ഥയ്ക്ക് ഇപ്പോൾ മാറ്റം വന്നു. കോവിഡ് കാലത്ത് പ്രാദേശിക ടൂറിസത്തിൽ വർധനയുണ്ടായി. സമീപപ്രദേശത്തുള്ളവരൊക്കെ അടുത്ത കാലത്താണ് വനപർവത്തെക്കുറിച്ച് അറിയുന്നത്.

ബേബി വർഗീസ്

വാച്ചർ വനപർവംരണ്ടാംഘട്ട വികസനം നടപ്പാക്കും

-ൽ തുടങ്ങിയ ജൈവവൈവിധ്യ ഉദ്യാനമാണിത്. വലിയ ഒരാശയം ഇതിന്റെ പിറകിലുണ്ട്. അത് പൂർണമായിട്ടില്ല. വർഷങ്ങളെടുത്ത് മാത്രമേ അത് സാധിക്കൂ. രണ്ടാംഘട്ട വികസനം ഉണ്ടാവും. കാടറിവിന്റെ കേന്ദ്രമായി ഇവിടം മാറും.

എം.കെ. രാജീവ് കുമാർ

റേഞ്ച് ഫോറസ്റ്റ് ഓഫീസർ, താമരശ്ശേരി..