കൊയിലാണ്ടി : പ്രതിസന്ധിയിലായ കയർമേഖലയുടെ സംരക്ഷണത്തിന് ആധുനിക യന്ത്രസംവിധാനങ്ങൾ തുണയാകുന്നു. കുറുവങ്ങാട് കയർവ്യവസായ സഹകരണ സംഘത്തിൽ പുതിയ യന്ത്രസംവിധാനങ്ങൾ സ്ഥാപിച്ചത് സംഘത്തിലെ കയർ ഉത്‌പാദനരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴയിലെ കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ച്ചറിങ് കമ്പനിയിൽനിന്ന് 10 ഓട്ടോമാറ്റിക് സ്പിന്നിങ്‌ മെഷീനുകളാണ് കുറുവങ്ങാട് കയർ സഹകരണ സംഘത്തിൽ പുതുതായി കൊണ്ടുവന്നത്. ഈ യന്ത്രങ്ങളുടെ സഹായത്തോടെ ചൂടിപിരിയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കാനാകും. കൂടാതെ ചകിരിനാരിലെ കരട് കളഞ്ഞ് ഗുണമേൻമയുള്ള നാരുണ്ടാക്കാൻ കഴിയുന്ന വില്ലോവിങ് മെഷീനും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്.

ഉത്‌പാദനം കുതിക്കും

ഒരു മെഷീൻ പ്രവർത്തിപ്പിക്കാൻ ഒരൊറ്റ തൊഴിലാളിമതി. 10 വനിതാതൊഴിലാളികൾക്ക് ഓരേസമയം 10 യന്ത്രം പ്രവർത്തിപ്പിക്കാൻ കഴിയും. ജോലിസമയം രണ്ട് ഷിഫ്റ്റാകുമ്പോൾ 20 തൊഴിലാളികൾക്ക് ജോലി ലഭിക്കും. ഈ ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനിലൂടെ എട്ടുമണിക്കൂറിൽ 50 മുതൽ 80 കിലോവരെ ചകിരി പിരിക്കാൻ കഴിയുമെന്ന് സംഘംസെക്രട്ടറി പ്രബിന അനിൽ പറഞ്ഞു. മുമ്പ് എട്ടുമണിക്കൂറിൽ 15 മുതൽ 30 കിലോവരെ ചൂടിപിരിക്കാൻ കഴിയുമായിരുന്ന മെഷീൻ ഇവിടെയുണ്ടായിരുന്നു. ഇതുമാറ്റിയാണ് നൂതനമായ ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീൻ സ്ഥാപിച്ചത്. തൊഴിലാളികൾക്ക് ആലപ്പുഴയിൽനിന്നെത്തുന്ന വിദഗ്ധർ പരിശീലനം നൽകും.

ചകിരിനാരിലെ കരട് വേർതിരിക്കുന്ന വില്ലോവിങ് മെഷീനും ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനും ഉൾപ്പടെയുള്ള യന്ത്രസംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ രണ്ട് ഷിഫ്റ്റുകളിലായി 26 വനിതകൾ ആവശ്യമാണ്. നിലവിൽ 52 തൊഴിലാളികൾ ഈ സംഘത്തിൽ ഉണ്ടെങ്കിലും 45-വയസ്സിൽ താഴെയുള്ളവർക്കാണ് യന്ത്രങ്ങളിൽ ചൂടി പിരിക്കാൻ പരിശീലനം നൽകുന്നത്. കൂലിക്കുറവ്, ആകർഷകമല്ലാത്ത ജോലി, കൂടുതൽ അധ്വാനം എന്നിവയാണ് ഈ മേഖലയോട് ആളുകൾ മുഖംതിരിക്കാൻ കാരണം. എന്നാൽ യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് ചൂടിപിരിക്കുമ്പോൾ പ്രതിദിനം 500 രൂപയോളം പ്രതിഫലം നേടാനാകും. കൂലിനിരക്ക് മെച്ചപ്പെട്ടു

കയർ സൊസൈറ്റിയുടെ പ്രവർത്തനം മെച്ചപ്പെട്ടുവരുന്നതോടെ തൊഴിലാളികളുടെ കൂലിനിരക്കിലും വർധനയുണ്ടായിട്ടുണ്ട്. സൊസൈറ്റിയെ ഉന്നതിയിലെത്തിക്കാൻ തൊഴിലാളികൾ ആത്മാർഥമായി ശ്രമിക്കുന്നുണ്ട്.

കെ. സുകുമാരൻ

പ്രസിഡന്റ്, കയർവ്യവസായ സഹകരണസംഘം

കയർമേഖല പുഷ്‌ടിപ്പെടും

പുതിയ യന്ത്രസംവിധാനങ്ങൾ വരുന്നതോടെ കയർവ്യവസായമേഖല പുഷ്ടിപ്പെടും. തൊഴിലാളികളുടെ ആത്മാർഥമായ പ്രവർത്തനങ്ങൾകൊണ്ട് കുറുവങ്ങാട് കയർ സഹകരണസംഘത്തിന്റെ സാമ്പത്തികനില മെച്ചപ്പെട്ട് വരുന്നുണ്ട്. 2017-18-ൽ ട്രേഡ് ലാഭം 45,112 രൂപയും 2018-19-ൽ 49,176 രൂപയും 2019-20-ൽ 64,518 ആയും ഉയർന്നത് തൊഴിലാളികളുടെകൂടി പ്രവർത്തനമികവു കൊണ്ടാണ്.

പ്രബിന അനിൽ

സെക്രട്ടറി, കുറുവങ്ങാട് കയർവ്യവസായ സഹകരണസംഘംചൂടിനിർമാണത്തിന് അത്യാവശ്യം പച്ചത്തൊണ്ടാണ്. 50 കിലോ ചൂടിപിരിക്കാൻ 800 മുതൽ 1000 വരെ പച്ചത്തൊണ്ട് വേണം. 1000 തൊണ്ടിന് സൊസൈറ്റി നൽകുന്നത് 1300 രൂപയാണ്. നാളികേരകർഷകർ വാഹനത്തിൽ കയറ്റിക്കൊണ്ടു വന്ന് സൊസൈറ്റിയിൽ ഇറക്കി കൊടുക്കുമ്പോഴാണ് ഈ തുക ലഭിക്കുക. എന്നാൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് തൊണ്ട് ശേഖരിക്കാനെത്തുന്നവർ വീടുകളിൽ പോയി തൊണ്ട് ശേഖരിച്ച് കൊണ്ടുപോകുന്നുണ്ട്. ഇതുകാരണം നാട്ടിലൊരിടത്തും പച്ചത്തൊണ്ട് കിട്ടാനില്ലാത്ത അവസ്ഥയാണ്.പച്ചത്തൊണ്ട് നാടുകടക്കുന്നു

ആവശ്യത്തിന് പച്ചത്തൊണ്ട് കിട്ടാത്തത് ചകിരിനിർമാണമേഖലയിൽ വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. നാട്ടിലുടനീളമുള്ള പച്ചത്തൊണ്ട്‌ ഇതരസംസ്ഥാനക്കാർ ലോറിയുമായിവന്ന് കൊണ്ടുപോകുകയാണ്. ദിവസം അയ്യായിരം തൊണ്ടെങ്കിലും കിട്ടിയാലെ സൊസൈറ്റിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളു. ആവശ്യത്തിന് പച്ചത്തൊണ്ട് ലഭ്യമാക്കാൻ നടപടി വേണം.

പി. സിഞ്ജുല

തൊഴിലാളിപച്ചത്തൊണ്ടിന് ക്ഷാമം

മറുനാടൻ തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി : കോവിഡ് ബാധിച്ച് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലാളി മധ്യപ്രദേശ് സ്വദേശി ഷംസുദ്ദീൻ (46) മരിച്ചു.

കൊയിലാണ്ടിയിലെ സ്വകാര്യ ടെക്സ്റ്റൈൽസ് ഷോപ്പ് ജീവനക്കാരനാണ്. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി. രമേശൻ, കെ.എം. പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മൃതദേഹം കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്തു.

കടയിലെത്തിയവർ പരിശോധന നടത്തണം

കൊയിലാണ്ടി പരാഗ് ക്ലോത്ത്‌സിൽ ഏപ്രിൽ 10 വരെ എത്തിയവർ നിർബന്ധമായും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ അറിയിച്ചു.