ബേപ്പൂർ : വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബറിൽ നടത്തുന്ന ബേപ്പൂർ ആഗോള ജലമേളയ്ക്ക്‌ കൊഴുപ്പേകാൻ കലാപരിപാടികളും ഗസൽ ഉൾപ്പെടെ സംഗീതനിശയുമുണ്ടാകും. തദ്ദേശസ്ഥാപനങ്ങളും ജില്ലാഭരണകൂടവും സഹകരിച്ചാണ് മേള അരങ്ങേറുക.

കരകൗശലസ്റ്റാളുകൾ ഉൾപ്പെടുന്ന ആർട്ട്‌ ക്രാഫ്‌റ്റ്‌ മേള, ഉരുപ്രദർശനം എന്നിവയും ഒരുക്കും. മറീനജെട്ടി കേന്ദ്രീകരിച്ച്‌ നടത്തുന്ന ജലമേളയോടൊപ്പം വൈക്കം മുഹമ്മദ്‌ ബഷീറിനെ സ്മരിക്കുന്ന പ്രത്യേക കലാവിരുന്നുമുണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. ഡിസംബർ അവസാനവാരത്തിൽ സംഘാടകസമിതി ഓഫീസ്‌ ബേപ്പൂർ ഹാർബർ എൻജിനിയറിങ്‌ വിഭാഗത്തിൽ പ്രവർത്തനമാരംഭിക്കും.

മുഖ്യവേദിയായ ബേപ്പൂർ മറീനജെട്ടിയും പുലിമുട്ടും മന്ത്രി മുഹമ്മദ്‌റിയാസ്‌ വ്യാഴാഴ്ച സന്ദർശിച്ചു.

സബ്‌ കളക്ടർ ചെൽസ സിനി, ടൂറിസം ജോയന്റ് ഡയറക്ടർ സി.എൻ. അനിതകുമാരി, ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ്‌, നമ്മുടെ ബേപ്പൂർ പദ്ധതി ചെയർമാൻ കെ.ആർ. പ്രമോദ്‌, എം. ഗിരീഷ്‌, എ.സി. എ.എം. സിദ്ദിഖ്‌ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ലോഗോ ക്ഷണിച്ചു

: ബേപ്പൂർ ആസ്ഥാനമായി ചാലിയാറിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജലമേളയ്ക്ക് ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക്‌ സമ്മാനം നൽകും. വെക്‌റ്റർ ഫോർമാറ്റിൽ 23-ന്‌ മുമ്പ്‌ beyporewaterfest@gmail.com എന്ന മെയിൽ വിലാസത്തിൽ അയക്കണം.