കോഴിക്കോട്

: മൂന്നുഭാഗവും വെള്ളം, അതിനു നടുവിൽ മരപ്പലകകൊണ്ട് പണിത വീട്ടിലാണ് ചക്കുംകടവ് ആനമാട് നദീനഗർ പാലത്തിനുസമീപം കെ.എൻ.ആർ. ഹൗസിലെ നബീസയും കുടുംബവും 16 വർഷമായി താമസിക്കുന്നത്. ശനിയാഴ്ച കടൽ കയറിയതോടെ വീടിന്റെ അടിഭാഗത്തെ കല്ലുകൾ മുഴുവൻ ഇളകിപ്പോയി. മരപ്പലകകൊണ്ടുണ്ടാക്കിയ വീടായതിനാൽ ഏതുസമയവും നിലംപതിച്ചേക്കാം.

ഇപ്പോൾ തത്‌കാലം മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിച്ചെങ്കിലും ഇനി തിരിച്ചുവന്ന് എവിടെയാണ് താമസിക്കുകയെന്നാണ് നബീസയുടെ മകൾ റിസാന ചോദിക്കുന്നത്.

വെള്ളം കയറിയ വീടിന്റെ ഉൾഭാഗം മുഴുവൻ താറുമാറായിട്ടുണ്ട്. ഇനിയും ഇവിടെ താമസിച്ചാൽ വീടുതകർന്ന് എല്ലാവരും അതിനടിയിലായിപ്പോവും.

കല്ലായിപ്പുഴയുടെ അഴിമുഖത്തോട് ചേർന്ന് ചെറിയ പാലത്തിനുതാഴെയാണ് ഇവരുടെ വീട്. അതുകൊണ്ട് കടൽ കയറുന്നതിനനുസരിച്ച് രണ്ടുഭാഗങ്ങളിൽ നിന്നും വെള്ളം വീട്ടിലേക്ക് ഇരച്ചുകയറും. മഴപെയ്ത് വെള്ളംകൂടിയാൽ ബി.കെ. കനാലിൽനിന്നും വീടിനുള്ളിലേക്ക് വെള്ളമെത്തും. ശനിയാഴ്ചത്തെ കടലേറ്റത്തിൽ വീട്ടിലെ ഫർണിച്ചറും റഫ്രിജറേറ്റർ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക്‌സ് ഉപകരങ്ങളുമെല്ലാം തകരാറിലായി. കടലിലും പുഴയിലും കനാലിൽനിന്നുള്ള മാലിന്യവും ചെളിയുമെല്ലാം വന്നടിഞ്ഞുകൂടിയിട്ടുണ്ട്. അത് വൃത്തിയാക്കി താമസിക്കാമെന്ന് വിചാരിച്ചാൽപോലും നടക്കാത്ത അവസ്ഥയാണ്.

അതുകൊണ്ട് മറ്റൊരിടത്ത് പുനരധിവസിപ്പിക്കണമെന്നാണ് ഇവർ കോർപ്പറേഷനോട് ആവശ്യപ്പെടുന്നത്.

കാലങ്ങളായി ദുരിതമനുഭവിക്കുന്നതിനാൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടിനു ശ്രമിച്ചെങ്കിലും കിട്ടിയില്ല. പല സന്നദ്ധസംഘനകളും വീടുവെച്ചുനൽകാൻ തയ്യാറാണെങ്കിലും മൂന്ന് സെന്റ്ഭൂമിപോലും മറ്റൊരിടത്തില്ലാത്തതാണ് തടസ്സം.

പറയുന്ന വാഗ്ദാനങ്ങൾ കോർപ്പറേഷൻ അധികൃതർ പാലിക്കുന്നില്ലെന്ന് മാത്രമല്ല ചിലരൊക്കെ എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽനിന്ന് തടയുകയാണെന്നും നബീസയുടെ മകൾ റിസാന പറയുന്നു.

ഈ കാലവർഷക്കെടുതിയിലെങ്കിലും തങ്ങളുടെ ദയനീയാവാസ്ഥയ്ക്കുമുന്നിൽ കോർപ്പറേഷൻ കണ്ണുതുറക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.