ബേപ്പൂർ : ബേപ്പൂരിൽ കോവിഡ്‌ പോസിറ്റീവായ രോഗികൾ വീട്ടിൽ കോവിഡ്‌ മാനദണ്ഡ പ്രകാരം രണ്ടാഴ്ചയെങ്കിലും നിരീക്ഷണത്തിലിരിക്കാതെ ഒരാഴ്ചയാവുമ്പോഴേക്കും പുറത്തുകടന്നു പൊതുജനങ്ങളുമായി ഇടപെടുന്നതായി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ.ആർ.ടി. വൊളന്റിയർമാർ കണ്ടെത്തി.

കോവിഡ്‌ പോസിറ്റീവായ 821 പേർ ബേപ്പൂർ മേഖലയിലെ വിവിധ ഡിവിഷനുകളിലായി ഹോം ക്വാറന്റീനിലാണ്‌. വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്ന കോവിഡ്‌രോഗികൾ പുറത്തിറങ്ങിയാൽ കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി ബേപ്പൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത്‌ ഇൻസ്പെക്ടർ എ.കെ. അജയകുമാർ പറഞ്ഞു.

ശനിയാഴ്ച 80 പോസിറ്റീവ്‌ കേസുകളാണ്‌ ബേപ്പൂരിൽ റിപ്പോർട്ട്‌ ചെയ്തത്‌.

ഒന്നാംതരംഗത്തിൽ കോവിഡ്‌ പോസിറ്റീവായ 887 പേരിൽ 821 പേർ വീടുകളിൽ നിരീക്ഷണത്തിലും 22 പേർ ആശുപത്രിയിലും 44 പേർ എഫ്‌.എൽ.ടി.സി.യിലും ഡൊമിസിലിയറി കെയർ സെന്ററിലുമാണ്‌. രോഗപ്പകർച്ച ഇല്ലാതാക്കണമെങ്കിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ കോവിഡ്‌ മാനദണ്ഡം ലംഘിക്കരുതെന്ന്‌ കുടുംബാരോഗ്യകേന്ദ്രം മുന്നറിയിപ്പു നൽകി.

കുടുംബാരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച 176 പേർക്ക്‌ കോവിഷീൽഡ്‌ വാക്സിൻ കുത്തിവെപ്പ്‌ നടത്തി. ബേപ്പൂർ കമ്യൂണിറ്റി ഹാളിൽ നടന്ന കോവിഡ്‌ ടെസ്റ്റിൽ 133 പേരിൽ 56 പേർ കോവിഡ്‌ പോസിറ്റീവായി. കഴിഞ്ഞവർഷത്തെ കോവിഡ്‌ വ്യാപനംതൊട്ട്‌ ശനിയാഴ്ചവരെ 6648 പേർ ബേപ്പൂരിൽ കോവിഡ്‌ പോസിറ്റീവായി. 64 പേർ മരിച്ചു.