കോഴിക്കോട് : വെസ്റ്റ്ഹിൽ മിലിറ്ററി ബാരക്സിന് സമീപം കെട്ടിടങ്ങൾ നിർമിക്കാനും അറ്റകുറ്റപ്പണിക്കും മിലിറ്ററിയുടെ നിരാക്ഷേപ പത്രം (എൻ.ഒ.സി.) വേണമെന്ന പ്രശ്നത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ‘മാതൃഭൂമി’ മാധ്യമ സംഘത്തിനുനേരെ സൈനിക ഉദ്യോഗസ്ഥരുടെ അതിക്രമം.

വാർത്തയെടുക്കാനായി മിലിറ്ററി ബാരക്സിന് സമീപത്തെ ഒരു വീട്ടിലെത്തിയതായിരുന്നു സംഘം. മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാർ, റിപ്പോർട്ടർ അനുഷ ഗോവിന്ദ് എന്നിവർക്കുനേരെ തട്ടിക്കയറിയ സൈനിക ഉദ്യോഗസ്ഥർ ഫോട്ടോഗ്രാഫറുടെ കഴുത്തിന് കയറി പിടിക്കുകയും ടാഗ് പിടിച്ചുവലിച്ച് പറിച്ച് ഊരിയെടുക്കുകയും ചെയ്തു. വീട്ടുകാരെയും വാർത്താസംഘത്തിനൊപ്പമുണ്ടായിരുന്ന ഡിഫെൻസ് എൻ.ഒ.സി. കോ-ഒാർഡിനേഷൻ കമ്മിറ്റിയുടെ മൂന്നു ഭാരവാഹികളെയും സെനികർ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ എം.പി., കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ്, മുൻ എം.എൽ.എ. എ. പ്രദീപ് കുമാർ, അസിസ്റ്റന്റ് കളക്ടർ മുകുന്ദ് കുമാർ എന്നിവർ സ്ഥലത്തെത്തി സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് പ്രശ്നം പരിഹരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20-ഓടെയായിരുന്നു സംഭവം. സൈനിക നടപടികൾ കാരണം വീട്ടുകാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചറിയാനാണ് മാതൃഭൂമി സംഘമെത്തിയത്. എന്നാൽ, വീടിന്റെ ഗെയ്റ്റിന് മുന്നിലെത്തിയപ്പോഴേക്കും ഒരു സൈനികൻ ഓടിയെത്തുകയും തടയുകയുമായിരുന്നു. ഫോട്ടോ എടുത്തെന്നാരോപിച്ച് ഇദ്ദേഹം തട്ടിക്കയറി. ഫോട്ടോയൊന്നുമില്ലെന്ന് പറഞ്ഞ് ഫോൺ കാണിച്ചെങ്കിലും ഫോണുകൾ പരിശോധിക്കാതെ വിടില്ലെന്നായി.

അപ്പോഴേക്കും വീട്ടുകാരെത്തി ഗെയ്റ്റ് തുറന്നു. മാധ്യമ പ്രവർത്തകർ അകത്തുകടക്കുമ്പോഴേക്കും ആറോളം സൈനികർകൂടി സ്ഥലത്തെത്തി. അപ്പോഴേക്കും ഡിഫെൻസ് എൻ.ഒ.സി. കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഷൈജു, കോ-ഓർഡിനേറ്റർ പ്രസാദ് സ്നേഹ, ജോയന്റ് കൺവീനർ പ്രസാദ് തയ്യിൽ എന്നിവരും സ്ഥലത്തെത്തി. വീട്ടുടമയ്ക്ക് അസുഖമാണെന്ന് അറിഞ്ഞെത്തിയതായിരുന്നു ഇവർ.

ഇതിൽ അനിൽകുമാർ എന്ന സൈനികൻ അകത്തേക്ക് കടന്ന ഫോട്ടോഗ്രാഫറുടെ കഴുത്തിന് കയറിപ്പിടിക്കുകയായിരുന്നു. കുതറിമാറിയതോടെ കഴുത്തിലുണ്ടായിരുന്ന മാതൃഭൂമിയുടെ ടാഗിൽ പിടിച്ച് വലിച്ച് ഗെയ്റ്റിന് പുറത്തേക്കിറക്കി. ‘ഇങ്ങോട്ടിറങ്ങടാ... നിന്നെ പുറംലോകം കാണിക്കാതിരിക്കാൻ എനിക്കറിയാം’ എന്ന് ആക്രോശിച്ചായിരുന്നു പിടിച്ചുവലിച്ചത്. തുടർന്ന് ടാഗ് വലിച്ചൂരിയെടുത്തു. സാജൻ വീണ്ടും ഗെയ്റ്റിനകത്തേക്കുതന്നെ കയറിയതോടെ 50-ഓളം സൈനികരെത്തി വീട് വളഞ്ഞു. വലിയ ട്രക്കുകളും മറ്റും ഇറക്കി പ്രദേശത്തുനിന്ന് പുറത്തേക്കുള്ള വഴി അടച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഗെയ്റ്റിന് പുറത്തിറങ്ങാനാവശ്യപ്പെട്ട് ചീത്തവിളിച്ചുകൊണ്ടാണ് സൈനിക സംഘം പുറത്ത് നിലയുറപ്പിച്ചത്.

നടക്കാവ് പോലീസ് സ്ഥലത്തെത്തിയാണ് മാധ്യമ പ്രവർത്തകരെയും കമ്മിറ്റി ഭാരവാഹികളെയും പുറത്തെത്തിച്ചത്. സ്ഥലം കൗൺസിലർ സി.എസ്. സത്യഭാമ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ, സെയ്‌ന്റ് മൈക്കിൾ ഓൾഡ് ആർ സി ചർച്ച് വികാരി ഒൗസേപ്പച്ചൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഫിറോസ് ഖാൻ എന്നിവരും സ്ഥലത്തെത്തി. ഇതിനിടെ സി.എസ്. സത്യഭാമ സൈനികർക്കനുകൂലമായി സംസാരിച്ചത് പ്രദേശത്തെ ജനങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിനിടയാക്കി. ഡിഫെൻസ് എൻ.ഒ.സി. കോ-ഒാർഡിനേഷൻ കമ്മിറ്റി ഭാരവാഹികളും കൗൺസിലറും തമ്മിൽ വാക്തർക്കവും ഉണ്ടായി.മാധ്യമപ്രവർത്തകർക്കുനേരെ സൈനികരുടെ അതിക്രമം