കൊയിലാണ്ടി : ദേശീയപാതയിൽ കൊല്ലം അങ്ങാടിയിൽ സ്കൂട്ടർയാത്രക്കാരായ സഹോദരങ്ങൾ ടാങ്കർലോറി ഇടിച്ച് മരിച്ചു. മൂടാടി ഹിൽബസാർ ചെറുവത്ത് ഇമ്പിച്ചി അലിയുടെയും റംലയുടെയും മകൻ മുഹമ്മദ് ഫാസിൽ (25), സഹോദരി ഫാസില (27) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കറ്റ ഇരുവരെയും ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മുഹമ്മദ് ഫാസിൽ ധരിച്ച ഹെൽമെറ്റ് പൊട്ടിച്ചിതറി. ഇവർ സഞ്ചരിച്ച സ്കൂട്ടറിന് കാര്യമായ ക്ഷതമൊന്നും സംഭവിച്ചിട്ടില്ല. കൊല്ലം അങ്ങാടിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം വാങ്ങി വീട്ടിലേക്ക് പോകാൻ സ്കൂട്ടറിൽ കയറിയ ഉടനെയാണ് കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി ഇടിച്ച് തെറിപ്പിച്ചത്.

മുചുകുന്ന് നെരവത്ത് (പുളിയോത്ത്) ഷംനീറിന്റെ ഭാര്യയാണ് മരിച്ച ഫാസില. ത്വഹ്‌ഖ മകളാണ്.