ഡോ. കെ.എസ്. മണിലാലിന്റെ പേരിൽ പുതിയ സസ്യംകോഴിക്കോട് : പശ്ചിമഘട്ടത്തിൽ നിന്ന് സസ്യകുടുംബത്തിലേക്ക് പുതിയൊരു കുറ്റിച്ചെടി കൂടി. ലൊറേസിയ കുടുബത്തിലെ കുറ്റിപാണലിന്റെ ജനുസിൽപ്പെട്ട സസ്യത്തിന് ‘ലിറ്റ്‌സിയ മണിലാലിയാന’ എന്നാണ് പേരിട്ടിരിക്കുന്നത്. വാഗമൺ മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്ററിന് മുകളിലുള്ള നിത്യഹരിത വനങ്ങളിൽ മാത്രമാണ് സസ്യത്തെ സ്വാഭാവികമായി കാണുന്നത്. ഔഷധസസ്യമായി ഉപയോഗപ്പെടുത്തുന്നതാണ് കുറ്റിപ്പാണൽ. പുതുതായി തിരിച്ചറിഞ്ഞ സസ്യത്തിന്റെ ഔഷധമൂല്യം പഠന വിധേയമാക്കും.

പ്രശസ്ത സസ്യശാസ്ത്രജ്ഞനും പദ്‌മശ്രീ പുരസ്‌കാര ജേതാവുമായ ഡോ.കെ.എസ്. മണിലാലിനോടുള്ള ബഹുമാന സൂചകമായാണ് ചെടിക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്. പത്തനംതിട്ട തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജ് ബോട്ടണി അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ.ജെ. റോബി, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ബോട്ടണി അസോസിയേറ്റ് പ്രൊഫസർ ഡോ. പി.എസ്. ഉദയൻ എന്നിവരാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്. ന്യൂസീലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ഫൈറ്റോടാക്സയിൽ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.