രാജ്‌നന്ദ്ഗാവ് (ഛത്തീസ്ഗഢ്) : ഛത്തീസ്ഗഢിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മാലിന്യവണ്ടിയിൽ കയറ്റി ശ്മശാനത്തിലെത്തിച്ചു. ചികിത്സയ്ക്കിടെ ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്ന് മരിച്ച നാലുരോഗികളുടെ മൃതദേഹങ്ങളാണ് നാഗർ പഞ്ചായത്തിന്റെ മാലിന്യവാഹനത്തിൽ സംസ്കരിക്കാനെത്തിച്ചത്.

എന്നാൽ, വാഹനം ഒരുക്കേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്ന് ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫിസർ ഡോ. മിഥിലേഷ് ചൗധരി പറഞ്ഞു. ‘‘മൂന്നുരോഗികൾ കോവിഡ് കെയർ സെന്ററിലും ഒരാൾ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലുമാണ് മരിച്ചത്. ചികിത്സയ്ക്കിടെ അവർക്ക് ഓക്സിജൻ സംവിധാനങ്ങൾ നൽകിയിരുന്നു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല’’ -അദ്ദേഹം പറഞ്ഞു.