പയ്യോളി : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനാൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം നഗരസഭ വിളിച്ച യോഗം വിവിധ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചു. ആർ.ആർ.ടി., കൗൺസിലർമാർ, പോലീസ്, സെക്ടറൽ മജിസ്‌ട്രേറ്റുമാർ, വില്ലേജ് ഓഫീസർമാർ, ആരോഗ്യവകുപ്പ് പ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടിപ്രതിനിധികൾ, യുവജനസംഘടനാ നേതാക്കൾ, ആരാധനാലയ പ്രതിനിധികൾ, ഓട്ടോ-ടാക്സി സംഘടന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വെള്ളിയാഴ്ചമുതൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ.

കടകളും സ്ഥാപനങ്ങളും തട്ടുകടകളും ഏഴുമണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം. ഹോട്ടലുകളും ഭക്ഷണശാലകളും ഒമ്പതുമണിവരെ തുറക്കാം. പകുതിസീറ്റുകളിലേ ആളുകൾ പാടുള്ളൂ. കഴിയുന്നതും പാർസൽ പ്രോത്സാഹിപ്പിക്കണം. വിവാഹങ്ങളും മറ്റുചടങ്ങുകളും നടത്തുന്ന വീട്ടുകാരും ഭക്ഷണം കൈകാര്യം ചെയ്യുന്നവരും ടെസ്റ്റ് നടത്തണം. മത്സ്യവിൽപ്പന നിരീക്ഷിക്കും. ക്ഷേത്രങ്ങളും പള്ളികളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. നോമ്പുതുറയ്ക്ക് ക്രമീകരണങ്ങൾ നടത്തണം. ചടങ്ങുകൾ ജാഗ്രതാസൈറ്റിൽ രജിസ്റ്റർചെയ്യണം. മരണ വീടുകളിൽ ബന്ധുക്കൾ മാത്രമാക്കി ചുരുക്കണം.

കുട്ടികളും പ്രായമായവരും പൊതു ഇടങ്ങൾ ഒഴിവാക്കണം. സ്ഥാപനത്തിന്റെ വലുപ്പത്തിനനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവയുടെ ലൈസൻസ് റദ്ദുചെയ്യും. 16, 17, 19, 20, 22 തീയതികളിൽ കോവിഡ് ടെസ്റ്റ് ക്യാമ്പുകൾ നടത്തും. 500 ആളുകളെ ടെസ്റ്റിന് വിധേയരാക്കും. 17, 24, 26, 27 തീയതികളിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകളും സംഘടിപ്പിക്കും. നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് അധ്യക്ഷനായി. സെക്രട്ടറി ഇൻചാർജ് ടി.പി. പ്രജീഷ്‌കുമാർ, മലേറിയ ഓഫീസർ ഡോ. കെ.കെ. ഷിനി, എം.സി.എച്ച്. ഓഫീസർ എം. ഗീത, ഇരിങ്ങൽ മെഡിക്കൽ ഓഫീസർ ഡോ. ബൈജു, എച്ച്.ഐ.മാരായ ഇ.കെ. ജീവരാജ്, മിനി, മഹല്ല് കമ്മിറ്റി പ്രതിനിധി സലാംഹാജി, ക്ഷേത്രകമ്മിറ്റി പ്രതിനിധി വലിയപുരയിൽ ഗോപിനാഥ്, വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.പി. റാണാപ്രതാപ്, ആരോഗ്യകാര്യ സമിതി ചെയർമാൻ വി.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.