പെരുമണ്ണ : അരയ്ക്കുതാഴെ തളർന്ന പെരുമണ്ണ മുണ്ടുപാലം എരഞ്ഞിക്കൽ മേത്തൽ സതീശന് പുതിയൊരു മുച്ചക്ര സ്കൂട്ടർ വേണം. ദൈനംദിന ചെലവിനുള്ള പണം കണ്ടെത്താനായി വീട്ടിലിരുന്ന് നിർമിക്കുന്ന കുടകളും പേപ്പർപേനകളും ആവശ്യക്കാരിലെത്തിക്കുന്നതിനാണിത്. തളർന്ന ശരീരവും തളരാത്ത മനസ്സുമായി ലോക പാലിയേറ്റീവ് കെയർ ദിനത്തിലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ നാൽപ്പത്തിനാലുകാരൻ.

വർഷങ്ങൾക്കുമുമ്പെ പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച മുച്ചക്ര സ്കൂട്ടറിലാണ് സതീശൻ യാത്രചെയ്തിരുന്നത്.

കാലപ്പഴക്കത്താൽ ഈ സ്കൂട്ടറിപ്പോൾ ഒറ്റയ്ക്കോടിച്ചുപോകാൻ പറ്റാത്ത സ്ഥിതിയാണ്. പലപ്പോഴും, വഴിയിൽവെച്ചെല്ലാം സ്കൂട്ടർ പണിമുടക്കും. ഇങ്ങനെവന്നാൽ, സ്കൂട്ടറിൽനിന്ന് ഒറ്റയ്ക്ക് ഇറങ്ങിനിൽക്കാൻപോലും ശരീരത്തിന് ശേഷിയില്ലാത്ത സതീശൻ മറ്റൊരാളുടെ സഹായം ലഭിക്കുന്നതുവരെ റോഡിൽ കാത്തിരിക്കണം. ഇതോടെ, ആദിവസത്തെ സതീശന്റെ എല്ലാ പ്രതീക്ഷകളും അസ്തമിക്കും.

2000 ഓഗസ്റ്റിൽ തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് തെങ്ങിൽനിന്നുവീണ് സതീശന് നട്ടെല്ലിന് ക്ഷതമേറ്റത്.

ഇതോടെ കഴുത്തിന് താഴെ തളർന്നുപോയി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെയുംമറ്റും വർഷങ്ങളോളമുള്ള ചികിത്സയുടെ ഫലമായി അത്യാവശ്യം എഴുന്നേറ്റിരിക്കാൻ പറ്റുന്ന അവസ്ഥയാണിപ്പോൾ.

ദിവസേന ആറ്ുകുടകൾ നിർമിച്ച് ആവശ്യക്കാരിലെത്തിച്ചു കൊടുക്കും. പുതിയ സ്കൂട്ടർ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ അപേക്ഷ നൽകിയിട്ടുണ്ട്.