കോഴിക്കോട് : മകരവിളക്കിന് ശബരീശദർശനംതേടി ഭക്തർ ഒഴുകിയപ്പോൾ ചേവായൂർ ലെപ്രസിഹോമിലും അയ്യനെ പ്രാർഥിക്കാൻ ഒരിടംതുറന്നു. ഹോമിലെ പള്ളിയോടുചേർന്നുള്ള അയ്യപ്പക്ഷേത്രം നവീകരിച്ച് സമർപ്പിച്ചപ്പോൾ അന്തേവാസികൾക്ക് സന്തോഷം.

രോഗത്തിന്റെ അല്ലലിൽ കുടുംബം ഉപേക്ഷിച്ച, സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് അകന്നുനിൽക്കേണ്ടിവന്ന ഒരുകൂട്ടം മനുഷ്യരുടെ ഇടമാണ് ചേവായൂർ ലെപ്രസി (ഡിസേബിൾഡ്) ഹോം. വെസ്റ്റ്ഹിൽ പുവർ ഹോം സൊസൈറ്റിക്ക് കീഴിലാണ് പ്രവർത്തനം. ഇവിടെ വർഷങ്ങൾക്കുമുമ്പുതന്നെ ഒരു അമ്പലവും മുസ്‌ലിംപള്ളിയും പണിതിട്ടുണ്ടായിരുന്നു. പള്ളി പരിപാലിക്കപ്പെടുന്നുണ്ടെങ്കിലും അമ്പലം അത്തരത്തിലായിരുന്നില്ല. ഇരുപതോളംപേരാണ് ലെപ്രസി ഹോമിലുള്ളത്. ഇവരുടെ ആഗ്രഹമായിരുന്നു അമ്പലത്തിന്റെ പുനരുദ്ധാരണം. മണ്ഡലകാലത്താണ് അമ്പലത്തിന്റെ നവീകരണം ആം ഓഫ് ജോയ് തുടങ്ങിയത്. മൂന്നുലക്ഷം രൂപ മുടക്കിയായിരുന്നു നവീകരണം. ഉറ്റമിത്രങ്ങളായ അയ്യപ്പനും വാവരും എന്ന മതേതര ആശയം ഉൾക്കൊണ്ടാണ് നവീകരണം നടത്തിയതെന്ന് ആം ഓഫ് ജോയ് ട്രസ്റ്റി അനൂപ് ഗംഗാധരൻ പറഞ്ഞു.

കൽവിളക്കിൽ തിരിതെളിയിച്ച് എം.കെ. രാഘവൻ എം.പി.യാണ് ക്ഷേത്രത്തിന്റെ സമർപ്പണം നടത്തിയത്. കൗൺസിലർ ഡോ. പി.എൻ. അജിത, സൊസൈറ്റി മാനേജർ ടി. അശോകൻ, കാരാട്ട് വത്സരാജ്, രേഖാദാസ് എന്നിവർ സംസാരിച്ചു. സർവമത ഭക്തിഗാനമേളയും തായമ്പകയും നടത്തി.