താമരശ്ശേരി : താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോൾ തുറന്നിട്ട പ്രധാന ഗേറ്റിലൂടെ കുതിച്ചെത്തിയ കാട്ടുപന്നിയെക്കണ്ട് സ്കൂൾജീവനക്കാർ ഞെട്ടി. സ്കൂൾ അങ്കണത്തിൽ അല്പം ചുറ്റിത്തിരിഞ്ഞശേഷം തുള്ളിച്ചാടി കോമ്പൗണ്ടിന് പിറകിലെ റോഡുവഴി കാട്ടുപന്നി പുറത്തേക്ക് മടങ്ങിയതോടെയാണ് വിദ്യാലയത്തിനുള്ളവർക്ക് ശ്വാസംനേരെവീണത്.

വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ എതിരേവന്ന വാനുമായി കൂട്ടിയിടിച്ച് തൊണ്ടയാട് ബൈപ്പാസിൽ യാത്രക്കാരൻ മരിച്ചതിന്റെ നടുക്കംമാറുംമുമ്പെയാണ് ജില്ലയിൽ മറ്റൊരിടത്ത് പട്ടാപ്പകൽ കാട്ടുപന്നി ഭീഷണി.

റോഡിന്റെ എതിർവശത്തെ കാടുമൂടിയഭാഗത്തുനിന്ന് പൊടുന്നനെ പ്രത്യക്ഷപ്പെട്ട കാട്ടുപന്നി തങ്ങളുടെ വാഹനത്തിനുമുന്നിലൂടെ റോഡ് മുറിച്ചുകടന്ന് സ്കൂളിന്റെ ഗേറ്റ് ലക്ഷ്യമാക്കി ഓടുകയായിരുന്നുവെന്ന് തലയാട് സ്വദേശി ജിതിൻ ജോർജ് അറിയിച്ചു. സിവിൽ എൻജിനിയറായ ജിതിനും സുഹൃത്ത് ധീരജും താമരശ്ശേരിയിൽനിന്ന് തിരികെവരുമ്പോഴാണ് സംഭവം. ഈ സമയം റോഡിലും സ്കൂൾകോമ്പൗണ്ടിലും ആളുകളുണ്ടായിരുന്നു. റോഡിൽനിന്ന്‌ ഓടിയെത്തിയ കാട്ടുപന്നി ഗേറ്റിനുള്ളിലൂടെ അല്പദൂരം മുന്നോട്ടുപോയശേഷം പെട്ടെന്ന് ഇടത്തേക്ക് വെട്ടിത്തിരിഞ്ഞ് സ്കൂൾപറമ്പിലേക്കും തുടർന്ന് കോമ്പൗണ്ടിന് പുറത്തെ ശ്മശാനം റോഡിലേക്കും ഓടിമറയുകയായിരുന്നു. കാട്ടുപന്നി കയറി മടങ്ങിയ കാര്യം സ്കൂളിലുണ്ടായിരുന്നവരിൽ പലരും വൈകിയാണ് അറിഞ്ഞത്. സ്കൂളിനകത്ത് കയറിയ കാട്ടുപന്നി കാര്യമായ നാശനഷ്ടങ്ങളൊന്നുമുണ്ടാക്കാതെയാണ് ഓടിമറഞ്ഞതെന്ന് സ്കൂളധികൃതർ അറിയിച്ചു. കാട്ടുപന്നി സ്കൂളിനകത്തേക്ക് പ്രവേശിക്കുന്നത് ജിതിൻ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.

  വെള്ളിയാഴ്ച രാവിലെ താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് പ്രധാനകവാടത്തിനുള്ളിലൂടെ ഓടിക്കയറുന്ന കാട്ടുപന്നി