വളയം : പദ്ധതികളും പണവും നൽകാതെ കേരളത്തെ അവഗണിച്ച് തകർക്കാമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹമാണെന്ന് സി.പി.ഐ. സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി. സി.പി.ഐ. നാദാപുരം മണ്ഡലം പ്രചാരണജാഥ വളയം കല്ലുനിരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം കേന്ദ്ര നീക്കത്തെ ഒറ്റക്കെട്ടായി കേരളം എതിർത്തുതോൽപ്പിക്കും. കേരളവികസനം തടയാൻ കേന്ദ്രത്തിന് സഹായംനൽകുന്ന കോൺഗ്രസ്-ലീഗ് നിലപാട് പരിഹാസ്യമാണ് - അദ്ദേഹം പറഞ്ഞു.

വളയം ലോക്കൽ സെക്രട്ടറി സി.എച്ച്. ശങ്കരൻ അധ്യക്ഷതവഹിച്ചു. ജാഥാലീഡർ പി. ഗവാസ്, ഉപലീഡർ എം.ടി. ബാലൻ, ഡയറക്ടർ ശ്രീജിത്ത് മുടപ്പിലായി, വി.പി. ശശിധരൻ, ടി. ശ്രീധരൻ, ലിനീഷ് അരുവിക്കര, കളത്തിൽ സഹജൻ എന്നിവർ പ്രസംഗിച്ചു.

ജനുവരി 15-ന് രാവിലെ ചെക്യാട് പഞ്ചായത്തിലെ മഞ്ഞപള്ളിയിൽ നിന്നാരംഭിക്കുന്ന ജാഥ വളയം, ചുഴലി, വിലങ്ങാട്, വാണിമേൽ, കുമ്മങ്കോട്, നാദാപുരം, തൂണേരി, ഇരിങ്ങണ്ണൂർ, എടച്ചേരി സ്വീകരണങ്ങൾക്കുശേഷം വൈകുന്നേരം വെള്ളൂരിൽ സമാപിക്കും. വിവിധ കേന്ദ്രങ്ങളിൽ ഇ.കെ. വിജയൻ എം.എൽ.എ., ടി.കെ. രാജൻ, രജീന്ദൻ കപ്പള്ളി എന്നിവർ പ്രസംഗിക്കും. ജനുവരി 17-ന് രാവിലെ 11 മണിക്ക് കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക് നടക്കുന്ന മാർച്ചും ധർണയും സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ ഉദ്ഘാടനംചെയ്യും.

കുറ്റ്യാടി : കേന്ദ്രസർക്കാർ സംസ്ഥാനഗവൺമെന്റിന് നൽകേണ്ട ന്യായമായ സഹായങ്ങൾപോലും നിഷേധിക്കുകയാണെന്ന് സി.പി.ഐ. ദേശീയ കൗൺസിൽ അംഗം സി.എൻ. ചന്ദ്രൻ. കേന്ദ്ര നയങ്ങൾക്കെതിരേ സി.പി.ഐ. നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രചാരണജാഥ മുള്ളൻകുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.പി. നാണു അധ്യക്ഷനായി. പി. സുരേഷ്ബാബു, കെ.കെ. മോഹൻദാസ്, റീനാ സുരേഷ്, ടി. സുരേന്ദ്രൻ, വി. ബാലൻ എന്നിവർ സംസാരിച്ചു.