ബാലുശ്ശേരി : പിറവിയെടുത്ത് ഒരുവർഷത്തിനകം ബാലുശ്ശേരിയുടെ ഹൃദയതാളമായി മാറിയിരിക്കുകയാണ് ജാസ് എന്ന ജനകീയ ആരോഗ്യസമിതി. നാട് പകച്ചിരുന്ന മഹാമാരിക്കാലത്ത് നമുക്കെന്തു ചെയ്യാനാവുമെന്ന ഒരുകൂട്ടമാളുകളുടെ ആത്മാർഥമായ ആലോചനയിൽനിന്നാണ് കൂട്ടായ്മ രൂപംകൊള്ളുന്നത്. ആരോഗ്യസംരക്ഷണമെന്നത് അധികൃതരുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും പൊതുജനങ്ങൾക്കും ഏറെ ചെയ്യാനുണ്ടെന്നുമുള്ള പാഠമാണ് ജാസ് മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞവർഷം ജൂലായിൽ നിലവിൽവന്ന കൂട്ടായ്മ ഇപ്പോൾ നാടിന്റെ പേരിനൊപ്പം അടയാളപ്പെടുത്തിക്കഴിഞ്ഞു.

ആരോഗ്യ ബോധവത്കരണപരിപാടികൾ, ശുചീകരണം, വിവിധങ്ങളായ പരിശീലനങ്ങൾ തുടങ്ങി വിശ്രമമില്ലാത്ത പ്രവർത്തനത്തിലാണ് ഇതിന്റെ പ്രവർത്തകർ.

20 സ്ഥിരം വൊളന്റിയർമാരും 108 പേരടങ്ങിയ വാട്‌സാപ്പ് കൂട്ടായ്മയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ടൗണിലെ കടകളിലും മറ്റുമായി 1000 കോവിഡ് ജാഗ്രതാപോസ്റ്ററുകൾ തയ്യാറാക്കി നൽകിയായിരുന്നു തുടക്കം.

ഇത്തരം സന്ദേശങ്ങളടങ്ങിയ 1000 തുണിസഞ്ചികളുടെ വിതരണമായിരുന്നു അടുത്ത ഘട്ടം. ടൗണിലെ തുണിക്കടകളിൽനിന്ന് സൗജന്യമായാണ് ഇതിനാവശ്യമായ തുണി ലഭിച്ചത്. വീട്ടമ്മമാരും തയ്യൽത്തൊഴിലാളികളും മനസ്സുവെച്ചതോടെ 1000 സഞ്ചികളുടെ നിർമാണം ദിവസങ്ങൾക്കുള്ളിൽ സാധ്യമായി. കോവിഡ് മാനദണ്ഡങ്ങൾ ഏറ്റവും നന്നായി പാലിക്കുന്ന സ്ഥാപനങ്ങൾക്കായി അവാർഡുകൾ ഏർപ്പെടുത്തിയും ജാസ് മാതൃകയായി. പിഴയ്ക്കുപകരം സമ്മാനം എന്ന ആശയം പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.

പഞ്ചായത്ത് ഭരണസമിതിയെയും പ്രദേശത്തെ ആരോഗ്യസ്ഥാപനങ്ങളെയും കൂട്ടിയോജിപ്പിച്ചാണ് പ്രവർത്തനം. കോവിഡ് രോഗികൾക്കായുള്ള എഫ്.എൽ.ടി.സി.കൾ ഒരുക്കാനും വാക്സിനേഷൻ യജ്ഞം വിജയിപ്പിക്കാനുമൊക്കെ പ്രവർത്തകർ മുന്നിൽത്തന്നെയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഇവർ നടത്തിയ ‘ഇലക്‌ഷൻ കാലത്ത് ഇരട്ടി ജാഗ്രത’ പ്രചാരണപരിപാടി ഏറെ ശ്രദ്ധനേടി. മഴക്കാലപൂർവ ശുചീകരണം, ആരോഗ്യവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൺലൈൻ ബോധവത്കരണ പരിപാടികൾ, രക്ഷാപ്രവർത്തനത്തിനും പ്രഥമശുശ്രൂഷയ്ക്കുമുള്ള പരിശീലനം, ബൈക്ക് റാലികൾ, പോസ്റ്റർ പ്രദർശനം, ബോധവത്കരണ ഡോക്യുമെന്ററി തുടങ്ങി പൊതുജനാരോഗ്യരംഗത്തെ ജാസിന്റെ ഇടപെടലുകൾ തുടരുകയാണ്.

ജാതി, മത, രാഷ്ട്രീയ ഭേദചിന്തകളില്ലാതെ എല്ലാവിഭാഗം ജനങ്ങളെയും ഒരു ചരടിൽ കോർക്കുന്നു എന്നതാണ്‌ കൂട്ടായ്മയുടെ ആരോഗ്യരഹസ്യം.