തിരുവമ്പാടി : റോഡിന്റെ വീതി കേവലം മൂന്നു മീറ്റർ. ഈ റോഡിലാകട്ടെ സദാസമയവും ഭാരവാഹനങ്ങൾ ചീറിപ്പായുന്നു. കാൽനടയാത്ര പോലും അസാധ്യമായതോടെ പ്രശ്നത്തിന് പരിഹാരം തേടി ഒടുവിൽ പോലീസിനെ സമീപിച്ചിരിക്കുകയാണ് നാട്ടുകാർ. കൂടരഞ്ഞി-കൂമ്പാറ മെയിൻറോഡിൽനിന്ന് ഗവ. ഹോമിയോ ആശുപത്രിയിലേക്കുള്ള റോഡിലാണ് യാത്രാദുരിതം.

നൂറുമീറ്റർ ദൈർഘ്യമുള്ള റോഡാണിത്. 25-ഓളം കുടുംബങ്ങൾ പരിസരത്തായി താമസിക്കുന്നുണ്ട്. കാൽനടയാത്രക്കാരായ സ്ത്രീകളും കുട്ടികളും പെടാപാട്‌പെടുന്നു. ആശുപത്രിയിലേക്കായി എത്തുന്നത് നൂറ്ുകണക്കിന് രോഗികൾ. ഈ റോഡിലെ ക്രഷറിലേക്കുള്ള വാഹനങ്ങളാണ് റോഡ് കൈയടക്കി മരണപ്പാച്ചിൽ തുടരുന്നത്. എതിരേ വരുന്ന വാഹനങ്ങൾക്ക് വശംകൊടുക്കാൻ സൗകര്യമില്ലാത്ത റോഡിൽ ഭാരവാഹനങ്ങൾകൊണ്ട് പൊറുതിമുട്ടുകയാണ് നാട്ടുകാർ. ഗ്രാമപ്പഞ്ചായത്ത് അധീനതയിലുള്ള റോഡാണിത്.

ക്രഷർ പ്രവർത്തിക്കുന്നതിന് റോഡിന് ചുരുങ്ങിയത് എട്ടുമീറ്റർ വീതി വേണമെന്നിരിക്കെ നിശ്ചിതചട്ടങ്ങൾ മറികടന്നാണ് ക്രഷർ അനുവദിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊടിശല്യവും രൂക്ഷമാണ്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഇത് വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്. സമീപത്തെ തോട് മലിനമാണ്. കലങ്ങിമറിഞ്ഞ ഈ തോടാണ് കൂമ്പാറ പുഴയിലെത്തുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉയർത്തുന്നതായി പരിസ്ഥിതി പ്രവർത്തകർ പരാതിപ്പെടുന്നു. നാടിന്റെ വഴിമുട്ടിക്കുന്ന ഭാരവാഹനങ്ങളെ നിയന്ത്രിക്കാൻ അടിയന്തരനടപടി ആവശ്യപ്പെട്ട് നേരത്തെ കളക്ടർ, മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നെങ്കിലും ഫലം കണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പഴയ പരാതിയായതിനാൽ ശ്രദ്ധയിൽപെട്ടില്ലെന്നാണ് പുതുതായി ചുമതലയേറ്റ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ പ്രതികരിച്ചത്.