കോഴിക്കോട് : കല്ലുത്താൻകടവിൽ പച്ചക്കറി മാർക്കറ്റിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കല്ലുത്താൻകടവിലെ കോളനി പൊളിച്ചുമാറ്റിയ സ്ഥലത്താണ് മാർക്കറ്റ് ഒരുക്കുന്നത്.

ബി.ഒ.ടി. അടിസ്ഥാനത്തിൽ കല്ലുത്താൻകടവ് ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് (കാഡ്‌കോ) മാർക്കറ്റ് നിർമിക്കുന്നത്. കല്ലുത്താൻകടവ് ഫ്ലാറ്റ് നിർമിച്ചത് കാഡ്‌കോയാണ്. അതിന്റെ ചെലവ് മാർക്കറ്റിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം.

നിലവിൽ കോളനി മാറ്റിയസ്ഥലത്താണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. നാൽപ്പത് വർഷത്തിലേറെയായി പാളയത്ത് പ്രവർത്തിക്കുന്ന പച്ചക്കറിമാർക്കറ്റ് ഇവിടേക്ക് മാറ്റാമെന്നാണ് കരുതുന്നത്. കല്ലുത്താൻകടവിൽ ആകെ 70 കോടിയോളമാണ് പദ്ധതിച്ചെലവ്.

നൂറ്്‌ ചില്ലറ വിൽപ്പനക്കാർക്കും 33 മൊത്തക്കച്ചവടക്കാർക്കുമാണ് ആധുനികരീതിയിലുള്ള മാർക്കറ്റിൽ സൗകര്യം ഉണ്ടാവുക. പഴം-പച്ചക്കറി വ്യാപാരികൾക്ക് വെവ്വേറെ സൗകര്യം ഒരുക്കും. കെട്ടിടങ്ങളിൽ റാമ്പ് സംവിധാനം, പാർക്കിങ്ങിന് വേണ്ടി മാത്രമുള്ള ഇടം എന്നിവയെല്ലം പദ്ധതിയിലുണ്ട്. സാധാരണ വെള്ളക്കെട്ടുണ്ടാവാറുള്ള ഇവിടെ അതെല്ലാം ഒഴിവാക്കുന്നരീതിയിലുള്ള നിർമാണമാണ് നടത്തുന്നത്. കോളനി ഉണ്ടായിരുന്ന സ്ഥലം മാത്രം 1.82 ഏക്കർ ഉണ്ട്. പാർക്കിങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമായി 1.7 ഏക്കർ ഏറ്റെടുക്കും.

ഭൂമിയേറ്റെടുക്കാൻ 2020 ഒക്ടോബറിൽ നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു. പെട്ടന്ന് തന്നെ ഇത് പൂർത്തിയാകുമെന്നും അതോടെ നിർമാണം കൂടുതൽ വേഗത്തിലാകുമെന്നും പ്രോജക്ട് അഡ്‌വൈസർ ശരത് ചന്ദ്രൻ പറഞ്ഞു. നിർമാണം പൂർത്തിയാക്കി 35 വർഷത്തിന് ശേഷം കോർപ്പറേഷന് കെട്ടിടം കൈമാറുന്ന രീതിയിലാണ് പദ്ധതി.

അതേസമയം പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരേ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. വ്യാപാരികളും തൊഴിലാളികളുമെല്ലാമായി നൂറുകണക്കിനാളുകളാണ് പാളയത്തുള്ളത്. അസൗകര്യം, തൊഴിൽനഷ്ടം തുടങ്ങി വിവിധ കാരണങ്ങളാണ് അവർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നത്.