വീടുകളുടെ താക്കോൽദാനം നാളെ

കോഴിക്കോട് : ജില്ലയിലെ എൺപത് കിലോമീറ്റർ വരുന്ന തീരമേഖലയിൽ കടൽക്ഷോഭംകാരണം ഭീഷണിനേരിടുന്നത് 2609 കുടുംബങ്ങൾ. ഇതിൽ 318 കുടുംബങ്ങൾ ‘പുനർഗേഹം’ പദ്ധതിപ്രകാരം വീടുമാറാൻ സന്നദ്ധത അറിയിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. രഞ്ജിനി പത്രസമ്മേളനത്തിൽ അറിയിച്ചു.

പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 14 വീടുകളുടെ താക്കോൽ വ്യാഴാഴ്ച കൈമാറും.

തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് ‘പുനർഗേഹ’. ജില്ലയിൽ ചാലിയം മുതൽ അഴിയൂർ വരെ 34 മത്സ്യഗ്രാമങ്ങളിലായാണ് 2,609 കുടുംബങ്ങൾ 50 മീറ്ററിനുള്ളിൽ താമസിച്ചുവരുന്നത്. ആദ്യഘട്ടത്തിൽ 318 പേരാണ് മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചത്. ഇതിൽ 17 പേർ വീടും സ്ഥലവും ഒന്നിച്ചു കണ്ടെത്തുകയും 53 പേർ സ്ഥലം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

പദ്ധതിയിൽ ഒരു കുടുംബത്തിന് പരമാവധി 10 ലക്ഷം രൂപയുടെ ധനസഹായമാണ് നൽകുക. വീടും സ്ഥലവും ഒന്നിച്ച് വാങ്ങുന്നതിന് പകരമായി 10 ലക്ഷം രൂപയും സ്ഥലം വാങ്ങി വീട് നിർമിക്കുന്നതിന് സ്ഥലത്തിന് ആറുലക്ഷം രൂപയും വീട് നിർമാണത്തിന് നാലുലക്ഷം രൂപയും നൽകും.

വീടും ഭൂമിയും ഒന്നിച്ചുവാങ്ങൽ, ഫ്ളാറ്റ് സമുച്ചയം, റെസിഡന്റ് ഗ്രൂപ്പ് എന്നീ മൂന്നുരീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിൽ കോഴിക്കോട്, എലത്തൂർ, കൊയിലാണ്ടി, വടകര എന്നീ നാല് വേദികളിലായാണ് താക്കോൽ കൈമാറൽ ചടങ്ങ് നടത്തുന്നത്. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എലത്തൂർ സി.എം.സി. ഗേൾസ് ഹൈസ്കൂളിൽ മന്ത്രി എ.കെ. ശശീന്ദ്രൻ, കൊയിലാണ്ടിയിൽ കാനത്തിൽ ജമീല എം.എൽ.എ, വടകരയിൽ കെ. മുരളീധരൻ എം.പി., കെ.കെ. രമ എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.