എലത്തൂർ : ഓണക്കാലത്തെ കർഷക ചന്തകൾക്ക് സർക്കാർ അനുവദിച്ച ഫണ്ട് ജില്ലയിൽ പൂർണമായും ചെലവഴിക്കാത്തതിനെക്കുറിച്ച് പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ കൃഷിവകുപ്പ് ഡയറക്ടർക്ക് മന്ത്രിയുടെ നിർദേശം. മാതൃഭൂമി ഇതുസംബന്ധിച്ച് നൽകിയ വാർത്തയെത്തുടർന്നാണ് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അന്വേഷണത്തിന്‌ നിർദേശിച്ചത്.

ജില്ലയിൽ 93 ചന്തകൾ നടത്താൻ അനുവദിച്ച 60,45,000 രൂപയിൽ 28 ലക്ഷത്തോളമാണ് ചെലവഴിച്ചത്. കർഷകരിൽനിന്ന് നേരിട്ട് ഉത്പന്നങ്ങൾ ശേഖരിച്ച് ചന്ത നടത്താൻ സർക്കാർ അനുവദിച്ച ഫണ്ട് പകുതിയോളം ബാക്കിയായത് വിവാദമായിരുന്നു.

അതിനിടെ പ്രാദേശിക കർഷകരിൽനിന്ന് തീരെ ഉത്പന്നങ്ങൾ ശേഖരിക്കാത്ത കൃഷിഭവനുകളിലെ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് മന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് കർഷകർ.