അരൂർ : നികുതി അടയ്ക്കാത്തതിന്റെ പേരിൽ പുറമേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് റോഡിലിറക്കാനാകാതെ വന്നതായി പരാതി. പ്രതിഷേധവുമായി വിവിധസംഘടനകൾ രംഗത്തെത്തി.

ആഴ്ചകളായി ആംബുലൻസ് സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. പെയിൻ ആൻഡ്‌ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും ആശുപത്രിയിൽ മരുന്നും വാക്സിനും എത്തിക്കാനും ഈ ആംബുലൻസാണ് ഉപയോഗിച്ചിരുന്നത്. ആശുപത്രി പ്രവർത്തനങ്ങൾക്ക് തടസ്സം വരാതിരിക്കാൻ മറ്റൊരുവാഹനം വാടകയ്ക്ക് വിളിക്കുന്നുണ്ട്. ഒരു സ്വകാര്യ വ്യക്തി സൗജന്യമായാണ് ആംബുലൻസ് ആശുപത്രിക്ക് നൽകിയത്.

പഞ്ചായത്തിന്റെ അനാസ്ഥയാണ് ആംബുലൻസിന്റെ ഓട്ടം നിലയ്ക്കാൻ ഇടയാക്കിയതെന്ന് കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം കെ. സജീവൻ ആരോപിച്ചു. പഞ്ചായത്ത് നിലപാടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

വീഴ്ചയെപ്പറ്റി അന്വേഷിക്കണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. എൻ. സജീവൻ അധ്യക്ഷതവഹിച്ചു. ടി.കെ. പ്രഭാകരൻ, ടി.കെ. രാജൻ, എം. രാജീവൻ, എൻ.കെ. രാജഗോപാലൻ, ബാബു എന്നിവർ സംസാരിച്ചു.

ആംബുലൻസ് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചു വരുന്നതായി പഞ്ചായത്ത് പ്രസിഡൻറ്്‌ അഡ്വ. വി.കെ. ജ്യോതിലക്ഷ്മി പറഞ്ഞു. പാലിയേറ്റീവ്, വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് മുടക്കം വരാത്തരീതിയിൽ പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്.

സെക്രട്ടറി കോവിഡ് അസുഖത്തെത്തുടർന്ന് ലീവിലായതിനാലാണ് നിലവിൽ നികുതി അടയ്ക്കുന്നതിൽ താമസം ഉണ്ടായത്. അദ്ദേഹം ജോലിയിൽ പ്രവേശിച്ചാൽ നികുതി അടയ്ക്കാനാകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ്്‌ പറഞ്ഞു.