കോഴിക്കോട് : നഗരത്തിലെ എ.കെ.ജി., സി.എച്ച്. മേൽപ്പാലങ്ങൾ ബലപ്പെടുത്തണമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പ്രാഥമിക റിപ്പോർട്ട്. കാലപ്പഴക്കത്താൽ രണ്ടു മേൽപ്പാലങ്ങളുടെ തൂണുകളുടെയും കോൺക്രീറ്റ് അടർന്നുവീണിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലങ്ങൾക്ക് പിന്നീട് ബലക്ഷയമുണ്ടാകാമെന്നാണ് ഐ.ഐ.ടി. സംഘത്തിന്റെ അഭിപ്രായം. അന്തിമറിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കും. അതിനുശേഷം പാലങ്ങൾ എങ്ങനെ ബലപ്പെടുത്തണമെന്ന് തീരുമാനിക്കും. പുനരുദ്ധാരണത്തിന് വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കും. റിപ്പോർട്ട് ലഭിച്ച ഉടൻ ‌നടപടി ആരംഭിക്കുമെന്ന് കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

ഐ.ഐ.ടി.യിലെയും കെ.എച്ച്.ആർ.ഐ.ലെയും വിദഗ്ധർ ചേർന്നാണ് പഠനം നടത്തുന്നത്. നാൽപ്പതുവർഷത്തിലേറെ പഴക്കമുണ്ട് രണ്ടു മേൽപ്പാലങ്ങൾക്കും. ഉപ്പുകാറ്റേറ്റാണ് പാലത്തിന്റെ കന്പികൾ തുരുമ്പെടുത്തത്. കോൺക്രീറ്റ് അടർന്നുവീണിട്ടുണ്ടെങ്കിലും ഇപ്പോൾ ബലക്ഷയമില്ലാത്തതുകൊണ്ട് ആശങ്കപ്പെടാനൊന്നുമില്ലെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു.

പാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. സി.എച്ച്. മേൽപ്പാലത്തിനു കീഴിൽ കടകളും കെട്ടിടങ്ങളുമുള്ളതിനാൽ പാലം പരിശോധന നടത്താൻ സാധിക്കുന്നില്ലെന്നും പുനരുദ്ധാരണം നടത്തണമെങ്കിൽ ഇവ നീക്കംചെയ്യണമെന്നും സൂപ്രണ്ടിങ് എൻജിനിയർ അറിയിച്ചു.

ഇവ നീക്കാനുള്ള നടപടിയെടുക്കാൻ മന്ത്രി കളക്ടറെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ചീഫ് എൻജിനിയർ എസ്. മനോ മോഹൻ, സൂപ്രണ്ടിങ് എൻജിനിയർ പി.കെ. മിനി, എക്‌സിക്യുട്ടീവ് എൻജിനിയർ ബെന്നി ജോൺ, കെ.എച്ച്.ആർ.ഐ. ജോയന്റ് ഡയറക്ടർ ജോസഫ്, കെ.എച്ച്.ആർ.ഐ. ഡെപ്യൂട്ടി ഡയറക്ടർ സോണി ജെ.എസ്.ഡി., ബ്രിഡ്ജ് കോഴിക്കോട് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ബൈജു പി.ബി., അസിസ്റ്റന്റ് എൻജിനിയർ അമൽജിത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.