കൊയിലാണ്ടി : ഇടുങ്ങിയ നടപ്പാത. അതിന് നടുവിലായി കോൺക്രീറ്റ് വൈദ്യുതത്തൂൺ, ഒന്നല്ല രണ്ടെണ്ണം. കുഞ്ഞുങ്ങളെ എടുത്ത് വഴി നടക്കുന്നവർ നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ തല തൂണിലിടിച്ച് നിലവിളിയുയരും. കുഞ്ഞുങ്ങളുടെ കരച്ചിൽ നിത്യസംഭവമായതോടെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പോസ്റ്റിൽ ചാക്ക് കെട്ടിവെച്ചിരിക്കയാണ്. പുതിയ ബസ് സ്റ്റാൻഡ്‌-ഈസ്റ്റ് റോഡ് ലിങ്ക് റോഡരികിലാണ് യാത്രക്കാരെ കുഴക്കുന്ന നടപ്പാത.

ആലോചനയില്ലാത്ത വികസനവും സൗന്ദര്യവത്കരണവും വരുത്തിയ വിനയാണിത്. ഫുട്പാത്തിന് ഇരുമ്പ് പൈപ്പ് കൊണ്ടുള്ള വേലിയുള്ളതിനാൽ വഴിമാറിപ്പോകാനും കഴിയില്ല. പലരും ഫുട്പാത്ത് ഒഴിവാക്കി നടത്തം റോഡിലൂടെയാക്കുകയാണ്‌. തലയിൽ ചുമടുമായാരെങ്കിലും വന്നാൽ പെട്ടതുതന്നെ. പോസ്റ്റ് മാറ്റിസ്ഥാപിക്കൽ ഉടൻ നടക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. നഗര സൗന്ദര്യവത്കരണ പദ്ധതികൾ പലതും വന്നു പോയെങ്കിലും യാത്രികർക്ക് ദുരിതവുമായി നിൽപ്പാണ് നടപ്പാതയ്ക്ക് നടുവിൽ വൈദ്യുത കാലുകൾ.