താമരശ്ശേരി : അയൽവാസികൾ തമ്മിലുള്ള വഴിത്തർക്കത്തെത്തുടർന്ന് താലൂക്ക് സർവേയറെത്തി അളന്നുതിരിച്ച ഭൂമിയിൽ പ്രാദേശിക സി.പി.എം. നേതാക്കളുടെ നേതൃത്വത്തിൽ ഒരിക്കൽ പാർട്ടിക്കൊടി നാട്ടുകവഴി വിവാദമായ കുപ്പായക്കോട്ടെ വനിതാസംരംഭകയുടെ ഫാക്ടറിയും ഇരുനിലവീടും ഉൾപ്പെടുന്ന സ്ഥലം ജപ്തിചെയ്തു.

പുതുപ്പാടി കുപ്പായക്കോട് കീച്ചേരിൽ ജൂലി ടോണിയുടെ ഒറിസ്സ റബ്ബർ ലാറ്റക്സ് ചെറുകിട വ്യവസായയൂണിറ്റും ഇരുനില വീടും ഉൾപ്പെടുന്ന ഒരേക്കറോളം വരുന്ന സ്ഥലമാണ് ഫാക്ടറി പ്രവർത്തിപ്പിക്കാനാവാതെ കടബാധ്യതയെത്തുടർന്ന് കണ്ടുകെട്ടിയത്. ഫാക്ടറിപ്രവർത്തനം പൂർണമായി നിലച്ചതോടെ കടബാധ്യത പെരുകി ഒരുകോടി അറുപതുലക്ഷമാവുകയും ബാങ്ക് ജപ്തിക്ക്‌ കളമൊരുങ്ങുകയുമായിരുന്നു. തുടർന്ന്, ജൂലിയും ഭർത്താവ് ടോണിയും മക്കളും ബുധനാഴ്ച രാത്രി മമ്മുണ്ണിപ്പടി വാർഡ് മെമ്പർ മോളി ആന്റോയുടെ വീട്ടിൽ അഭയം തേടി.

കോടതിനിർദേശപ്രകാരമുള്ള ജപ്തിനടപടികൾക്ക് കോഴിക്കോട് സി.ജെ.എം. കോടതി അഡ്വക്കേറ്റ് കമ്മിഷണർ പി. ജൂലി നേതൃത്വം നൽകി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം അസറ്റ്‌സ് റിക്കവറി മാനേജ്‌മെന്റ് ബ്രാഞ്ച് ചീഫ് മാനേജർ എം.കെ. സുനീഷിന്റെ നേതൃത്വത്തിലുള്ള ബാങ്ക് അധികൃതരും എസ്.ഐ. മുരളീധരന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസും സ്ഥലത്ത് സന്നിഹിതരായി. വൈകീട്ട് ആറേമുക്കാലോടെയാണ് ജപ്തിനടപടികൾ അവസാനിച്ചത്.

ന്യൂനപക്ഷവനിതകൾക്കുള്ള കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡ്‌ അപ്പ് ഇന്ത്യ പദ്ധതിപ്രകാരം 90 ലക്ഷം രൂപ വായ്പയെടുത്ത് ആരംഭിച്ച സംരംഭം വെറും ആറുമാസംമാത്രമാണ് പ്രവർത്തിപ്പിക്കാൻ സാധിച്ചത്. പ്രാദേശികമായ എതിർപ്പുകളാണ് പ്രധാനപ്രശ്നമായത്. അയൽവാസിയുമായുള്ള വഴിത്തർക്കത്തിന്റെയും കേസുകളുടെയും പേരിൽ അനിശ്ചിതത്വത്തിലായ കമ്പനി പ്രവർത്തിപ്പിക്കണമെങ്കിൽ പണം നൽകണമെന്ന് ചില പ്രാദേശികനേതാക്കൾ ആവശ്യപ്പെട്ടതായും തനിക്ക് വധഭീഷണിയുണ്ടെന്നും ജൂലി ടോണി ഒരുവർഷംമുമ്പ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

ഫാക്ടറി തുടങ്ങുന്നതിനായി വായ്പയെടുത്തപ്പോൾ പാലായിലുള്ള ഒന്നരയേക്കർ സ്ഥലവും ഫാക്ടറി, വീട് എന്നിവ ഉൾപ്പെട്ട കുപ്പായക്കോടുള്ള ഒരേക്കറോളം സ്ഥലവുമായിരുന്നു ഈടായിവെച്ചിരുന്നത്. പാലായിലുള്ള സ്ഥലം കണ്ടുകെട്ടാനുള്ള ബാങ്ക് നീക്കത്തിനെതിരേ ഹൈക്കോടതിയുടെ സ്റ്റേ ലഭിച്ചെങ്കിലും കുപ്പായക്കോട്ടെ ഭൂമിക്ക്‌ സ്റ്റേ നേടിയെടുക്കാനുള്ള സാഹചര്യമുണ്ടായില്ല. അതോടെയാണ് ജപ്തിയിലേക്ക് കാര്യങ്ങളെത്തിയത്. ഒക്ടോബർ ഒന്നിനുതന്നെ ബാങ്ക് അധികൃതർ സ്ഥലത്തെത്തി 13-ന് വീടൊഴിയണമെന്ന് നോട്ടീസ് പതിച്ചിരുന്നു. തുടർന്നാണ് ബുധനാഴ്ച ജപ്തിനടപടി നടന്നത്.

എങ്ങോട്ടുപോവണമെന്നറിയില്ല

‘‘എങ്ങോട്ടുപോവണമെന്നറിയില്ല. ഞങ്ങളിപ്പോ പെരുവഴിയിലായി. ആറുമാസം മാത്രമാണ് ഫാക്ടറി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത്. അതിർത്തിപ്രശ്നം തീർന്നില്ല’’ -ബാങ്ക് ജപ്തിചെയ്ത വീട്ടിൽനിന്ന്‌ രണ്ടുമക്കളോടുമൊപ്പം പുറത്തേക്കിറങ്ങിയ ജൂലിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ജപ്തി നടക്കുമ്പോൾ ജോലിസ്ഥലത്തായിരുന്ന ജൂലിയുടെ ഭർത്താവ് ടോണി രാത്രിയോടെയാണ് വീട്ടിലെത്തിയത്. തുടർന്ന്, കുടുംബം ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് മാറുകയായിരുന്നു.