കോഴിക്കോട് : പുതിയറയിലെ സഹകരണഭവന്റെ നാലുനിലക്കെട്ടിടം ഒടുവിൽ പൊളിച്ചുമാറ്റാൻതുടങ്ങി. 1996-ൽ ഒരുകോടി രൂപയിലേറെ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ കോൺക്രീറ്റ്പാളികൾ 2003-ൽത്തന്നെ അടർന്നുവീണുതുടങ്ങിയിരുന്നു. ചോർന്നൊലിക്കുകയും കോൺക്രീറ്റ് കഷ്ണങ്ങൾ പൊട്ടിവീഴുകയും ചെയ്തുതുടങ്ങിയതുമുതൽ ജീവനക്കാർ ഭയന്നുകൊണ്ടാണ് ഇവിടെ ജോലിചെയ്തത്.

ഉദ്ഘാടനംകഴിഞ്ഞ് രണ്ടുവർഷത്തിനുള്ളിൽത്തന്നെ കെട്ടിടത്തിന് കേടുപാടുകൾ കണ്ടുതുടങ്ങി. നിർമാണത്തിലെ അപാകമാണ് പ്രധാനകുഴപ്പമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ അന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ കരാറുകാരനെതിരേ ഒരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല, അന്ന് കെട്ടിടനിർമാണത്തിന് മേൽനോട്ടംവഹിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർ മുഴുവൻ വിരമിക്കുന്നതുവരെ ഇതുസംബന്ധിച്ച കേസ് വിജിലൻസ് കൈമാറാതിരിക്കുകയും ചെയ്തു.

കെട്ടിടത്തിൽ സ്ഥാപിച്ച ലിഫ്റ്റ് ഒരുവർഷംപോലും തികച്ചുപ്രവർത്തിച്ചില്ല. എപ്പോൾവേണമെങ്കിലും നിലംപൊത്താമെന്ന അവസ്ഥയുള്ള കെട്ടിടത്തിൽ പിന്നെയും വർഷങ്ങളോളം ജീവനക്കാർ പേടിച്ചുകൊണ്ട് ജോലിചെയ്തു.

ഒടുവിൽ ഉപയോഗശൂന്യമായി കണ്ടെത്തിയ കെട്ടിടം പൊളിക്കാൻ തീരുമാനിച്ചപ്പോൾ സമീപമുള്ള സ്ഥലത്ത് ഷീറ്റിട്ടഷെഡ്ഡിലിരുന്നാണ് ഇപ്പോൾ ജീവനക്കാർ ജോലിയെടുക്കുന്നത്. ബലക്ഷയം തിരിച്ചറിഞ്ഞിട്ടും ഈ കെട്ടിടത്തിൽ ലക്ഷങ്ങൾ അറ്റകുറ്റപ്പണിക്കായി ചെലവഴിച്ചു.പുതിയറയിലെ സഹകരണ ഭവന്റെ നാലുനിലക്കെട്ടിടം പൊളിക്കാൻ തുടങ്ങി

നിർമാണം കഴിഞ്ഞ് ഏഴുവർഷത്തിനുള്ളിൽ ബലക്ഷയം അനുഭവപ്പെട്ട സഹകരണഭവൻകെട്ടിടം പാലാരിവട്ടം പാലത്തിനും കെ.എസ്.ആർ.ടി.സി. ടെർമിനലിനും മുന്പേനടന്ന കൊള്ളയുടെ സ്മാരകമാണ്