വടകര : മഴയൊന്ന് കനത്താൽമതി, ചല്ലിവയലും കുറുമ്പയിലും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിലാകാൻ. റോഡും തോടുമെല്ലാം ഒന്നാകുമ്പോൾ ദുരിതത്തിലാകുന്നത് അമ്പതിലേറെ വീട്ടുകാരാണ്. വർഷങ്ങളായി തുടരുന്നതാണ് ഈ പ്രശ്നമെങ്കിലും പരിഹാരമാർഗങ്ങൾ ഇനിയും അകലെ. 2019-ൽ ജലവിഭവ വികസന വിനിയോഗകേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം.) ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രശ്നം പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും റിപ്പോർട്ടിൽ നിർദേശിച്ച കാര്യങ്ങളൊന്നും നടപ്പായിട്ടില്ല.

പ്രധാനപ്രശ്നം തോടുകളുടെ ശോഷണം

വില്യാപ്പള്ളി പഞ്ചായത്തിലെ ചല്ലിവയലിലെ തോടുകളിലൂടെ ഒഴുകിവരുന്ന മഴവെള്ളം എത്തുന്നത് നടക്കുതാഴ-ചോറോട് കനാലിലാണ്. പലഭാഗങ്ങളിൽ നിന്നുള്ള വെള്ളം ചല്ലിവയലിൽനിന്ന് തുടങ്ങുന്ന പ്രധാന തോടിൽ എത്തിച്ചേരുന്നുണ്ട്. മേമുണ്ട, മേമുണ്ട മഠം ഭാഗം, പുലരി ഭാഗം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള വെള്ളമെല്ലാം ചല്ലിവയലിലാണ് എത്തുന്നത്.

ഇവിടെനിന്ന് ചല്ലിവയൽ അങ്ങാടിയുടെ പിറകിലൂടെയുള്ള തോടിലൂടെ കരിങ്കപ്പാലം, കുറുമ്പയിൽ കാർഷിക നഴ്‌സറി പരിസരം വഴി എൻ.സി. കനാലിലെത്തുകയാണ് ചെയ്യുന്നത്. എന്നാൽ, തോടുകൾ അനുദിനം ശോഷിക്കുന്നതാണ് ഇന്നുനേരിടുന്ന പ്രശ്നം. ഇതോടെ ജലവാഹകശേഷി വൻതോതിൽ കുറഞ്ഞു. തോടുകളുടെ വീതിക്കുറവിനുപുറമേ വർഷാവർഷം തോടിൽനിന്ന് മണ്ണും ചെളിയും നീക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ട്. ഇതോടെ മഴയൊന്ന് ശക്തമാകുമ്പോഴേക്കും തോട് കവിഞ്ഞ് വെള്ളം പറമ്പുകളിലേക്കും റോഡിലേക്കും വീടുകളിലേക്കുമെല്ലാം കയറുന്നു. സി.ഡബ്ല്യു.ആർ.ഡി.എം. റിപ്പോർട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തോടുകൾ വീതികൂട്ടി ഒഴുക്ക് സുഗമമാക്കാനാണ് ഇവർ നൽകിയ നിർദേശം.

കൂടാതെ, പറമ്പുകളിലെ ജലസംരക്ഷണപ്രവർത്തനങ്ങളുടെ അഭാവവും വെള്ളക്കെട്ടിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി. നേരത്തേ, വൻതോതിൽ വെള്ളം സംഭരിച്ചിരുന്ന നീർത്തടങ്ങൾ നികത്തിയതും വെള്ളക്കെട്ടിന്റെ പ്രധാനകാരണമാണ്. നേരത്തേതന്നെ ചല്ലിവയലിലും കുറുമ്പയിലും മഴക്കാലത്ത് വെള്ളക്കെട്ട് പ്രധാനപ്രശ്നമാണെങ്കിലും 2018-ലെ പ്രളയത്തിനുശേഷം സ്ഥിതി കുറച്ച് ഗുരുതരമാണ്. സ്ഥിരമായി വെള്ളം കയറുന്ന 35-ഓളം വീടുകൾ ചല്ലിവയൽ പരിസരത്തുണ്ട്.

ഇവരെ മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതിവരെ ഉണ്ടായിട്ടുണ്ട്. വെള്ളക്കെട്ടുകാരണം ഒരുവീട് ചല്ലിവയലിൽനിന്ന് പൊളിച്ചുമാറ്റിയിട്ടുണ്ട്.

കെട്ടിടം ഉയർത്തുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ചല്ലിവയലിൽ ഒരു കെട്ടിടവും കുറുമ്പയിലിൽ ഒരുവീടും ഉയർത്തി. കൃഷിനാശം, മണ്ണൊലിപ്പ് തുടങ്ങിയ നഷ്ടങ്ങൾ വേറെയുമുണ്ട്.

തോടുകളുടെ വീണ്ടെടുപ്പിന്‌വേണം പദ്ധതി

തോടുകളുടെ വീതിയും ആഴവും കൂട്ടി, പാർശ്വഭിത്തി കെട്ടിക്കൊണ്ടുള്ള പുനരുദ്ധാരണപദ്ധതി ചല്ലിവയൽമുതൽ എൻ.സി. കനാൽവരെ നടപ്പാക്കിയാൽ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാമെന്നാണ് പ്രതീക്ഷ. പതിറ്റാണ്ടുകൾക്കുമുമ്പുള്ള വീതി ഇന്ന് പ്രധാനതോടുകൾക്കും ഉപതോടുകൾക്കുമില്ല. ഒരു പ്രദേശത്തുനിന്ന് ഒഴുകിവരുന്ന തോടിനും ഒന്നിലേറെ തോടുകൾ സംഗമിക്കുന്ന പ്രധാനതോടിനും ഒരേ വീതിയാണ്. ശാസ്ത്രീയമായ ഓവുചാൽ സംവിധാനമാണ് ഇവിടെ ആവശ്യം.

നേരത്തേ, ഒന്നരക്കോടി രൂപയാണ് പുനരുദ്ധാരണപദ്ധതിക്ക് കണക്കാക്കിയത്. കുറുമ്പയിലെ കാർഷികനഴ്‌സറിക്ക് സമീപം റോഡിന്റെ അടിവശത്ത് ഉപയോഗിക്കാത്ത ഒരു കുടിവെള്ളപൈപ്പുണ്ട്. ഇത് വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമാകുന്നതായി കണ്ടെത്തിയിരുന്നു. ഇതുനീക്കാനും ഇതുവരെ സാധിച്ചിട്ടില്ല. കാർഷിക നഴ്‌സറിയും റോഡുമെല്ലാം കഴിഞ്ഞദിവസം വെള്ളത്തിലായിരുന്നു.