വടകര : ലോകനാർകാവിലെ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഒരു ഗോഡൗണിന് തീപിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തെ രണ്ടാമത്തെ ഗോഡൗണിലും സുരക്ഷാപ്രശ്നമെന്ന് പരാതി. നാട്ടുകാരാണ് ഇതുസംബന്ധിച്ച് വകുപ്പുമന്ത്രിക്ക് പരാതി അയച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ നേരിട്ടുമനസ്സിലാക്കാനും നാട്ടുകാരിൽനിന്ന് പരാതി കേൾക്കാനും ഭക്ഷ്യ-പൊതുവിതരണവകുപ്പ് അഡീഷണൽ സെക്രട്ടറി ജെസി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം ലോകനാർകാവിലെത്തി. രണ്ട് ഗോഡൗണുകളും സംഘം സന്ദർശിച്ചു. വൈകാതെതന്നെ സർക്കാരിന് റിപ്പോർട്ടുനൽകുമെന്ന് സംഘം വ്യക്തമാക്കി.
ജനുവരി ആറിന് പുലർച്ചെയാണ് ലോകനാർകാവിലെ ഒരുഗോഡൗണിന് തീപിടിച്ചതും ലക്ഷങ്ങളുടെ സാധനങ്ങൾ കത്തിനശിച്ചതും. വേണ്ടത്ര സുരക്ഷാസൗകര്യങ്ങളില്ലാത്ത കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നതെന്ന് അന്നുതന്നെ ആരോപണമുയർന്നു.
ജനവാസകേന്ദ്രത്തിലാണ് കെട്ടിടമുള്ളതും. ഇതിനുപിന്നാലെയാണ് സമീപത്തെ ഗോഡൗൺ സംബന്ധിച്ചും നാട്ടുകാർ പരാതിയുയർത്തിയത്. ജനവാസകേന്ദ്രത്തിലാണ് ഈ ഗോഡൗൺ പ്രവർത്തിക്കുന്നതെന്നാണ് പ്രധാനപരാതി.
തൊട്ടടുത്തുതന്നെ വീടുകളുണ്ട്. പാർക്കിങ് സ്ഥലം ഇവിടെയില്ല. വലിയ ലോറികൾ നിർത്താനും വേണ്ടത്ര സൗകര്യമില്ല. ഇതുമൂലം ഗതാഗതപ്രശ്നങ്ങളും അപകടങ്ങളും ഉണ്ടാകുന്നു. ഇക്കാര്യങ്ങളാണ് നാട്ടുകാർ ഉദ്യോഗസ്ഥസംഘത്തെ അറിയിച്ചത്. അണ്ടർ സെക്രട്ടറി എസ്.എ. നിസാം, അസിസ്റ്റന്റ് അർജുൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വടകര സപ്ലൈ ഓഫീസർ ടി. സജീവൻ, ഡിപ്പോ മാനേജർ കെ.കെ. മനോജ് കുമാർ തുടങ്ങിയവരും കാര്യങ്ങൾ വിശദീകരിച്ചുനൽകി.