കോഴിക്കോട് : ജീവനക്കാരെ സ്ഥലംമാറ്റിയതിനെത്തുടർന്ന് വെള്ളിമാടുകുന്ന് ഗവ. പ്രസിലെ പ്രിന്റിങ് പ്രതിസന്ധിയിൽ. അടുത്തമാസം വിരമിക്കുന്ന രണ്ട് പ്രിന്റർമാരെയാണ് അടിയന്തരമായി കണ്ണൂരിലേക്ക് മാറ്റിയത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട അച്ചടികൾവരെ ഇതോടെ നിലച്ചു.
നിലവിൽ പ്രവർത്തനത്തിലുള്ള ഏക മെഷീനിലാണ് വിവിധ വകുപ്പുകൾക്കാവശ്യമായ അച്ചടി നടക്കുന്നത്. പ്രസിൽ അച്ചടി ജീവനക്കാർ ഇല്ലാതായതോടെ മെഡിക്കൽ കോളേജ്, ബീച്ച് ജനറൽ ആശുപത്രി, കോട്ടപ്പറമ്പ് ഗവ. ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള കേസ് ഷീറ്റുകൾ, കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട അച്ചടികൾ, റവന്യൂ ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയവയിലേക്കുള്ള ഫോമുകൾ ഇവയെല്ലാം അച്ചടിക്കുന്നത് നിലച്ചു.
ഇവിടെ ആകെയുള്ള മൂന്ന് പ്രിന്റിങ് മെഷീനിൽ ഒന്നുമാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. വെബ് ഓഫ്‌സെറ്റ് മെഷീൻ രണ്ടുവർഷമായി പ്രവർത്തനരഹിതമാണ്. ഒരു എ-2 മെഷീനും ഒരുവർഷമായി കേടായിക്കിടക്കുകയാണ്. ഇവയുടെ അറ്റകുറ്റപ്പണികൾക്ക് രണ്ടുലക്ഷം രൂപയിൽതാഴയേ ചെലവുവരൂ. എന്നാൽ, വകുപ്പ് ഇതിന് താത്‌പര്യം കാണിക്കുന്നില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.
പ്രസ് അടച്ചിടുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് ജീവനക്കാർ ആരോപിക്കുന്നു. സംസ്ഥാനത്തെ ഏറ്റവുംമികച്ച സർക്കാർ പ്രസുകളിലൊന്നാണ് കോഴിക്കോട്ടേത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇത്തവണ ആദ്യം ബാലറ്റ് അച്ചടിച്ചത് ഇവിടെനിന്നായിരുന്നു.
പ്രസിലും ഓഫീസിലുമായി 34 ജീവനക്കാരാണ് നിലവിലുള്ളത്. പ്രിന്റിങ് സീനിയർ ഫോർമാൻ, ഇലക്‌ട്രീഷ്യൻ തസ്തികകളിൽ നിയമനം നടത്തിയിട്ടില്ല. ബൈൻഡിങ് വിഭാഗത്തിൽ ജീവനക്കാരുടെ കുറവുകാരണം ജോലികൾ കെട്ടിക്കിടക്കുകയാണ്.
അന്യായമായ സ്ഥലംമാറ്റത്തിലും പ്രസ് പൂട്ടാനുള്ള നീക്കത്തിനുമെതിരേ ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ ജീവനക്കാർ ധർണ നടത്തി. ഡി.സി.സി. ജന.സെക്രട്ടറി പി.എം. അബ്ദുറഹിമാൻ ഉദ്‌ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം. രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം. ഷംശുദ്ദീൻ, മനോജ് ചെലവൂർ, സലിം മൂഴിക്കൽ, കെ.എം. രജിത് കുമാർ എന്നിവർ സംസാരിച്ചു.