കൊടുവള്ളി : ദേശീയപാതയിൽ സുരക്ഷാസംവിധാനം ഒരുക്കാതെ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ വാവാടിനും വെണ്ണക്കാടിനുമിടയിൽ അപകടം വർധിക്കുന്നു. നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും പരിഹാരനടപടികൾ സ്വീകരിക്കുന്നതിന് അധികൃതർ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുയർന്നു. ദേശീയപാതയിൽ വിവിധസ്ഥലങ്ങളിലായി രണ്ടുമാസത്തിനിടെ ചെറുതും വലുതുമായ
അൻപതിലേറെ അപകടങ്ങളാണ് ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയിൽ വാവാട് അപകടമുണ്ടായതിനെത്തുടർന്ന് നഗരസഭ ചെയർമാൻ വി. അബ്ദു, സി.ഐ. പി. ചന്ദ്രമോഹൻ, കൗൺസിലർ ടി. മൊയ്തീൻകോയ എന്നിവർ ദേശീയപാത കൊടുവള്ളിയിലെ ഡിവിഷൻ ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന അദാനി കമ്പനി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ, പോലീസ്, ജനപ്രതിനിധികൾ എന്നിവരുടെ അടിയന്തരയോഗം നാഷണൽ ഹൈവേ കൊടുവള്ളി ഡിവിഷൻ ഓഫിസിൽ നടക്കും.
യൂത്ത് ലീഗ് പ്രക്ഷോഭത്തിന്
കൊടുവള്ളി : ദേശീയപാതയിൽ അദാനി ഗ്യാസ് പൈപ്പ് ലൈൻ പ്രവർത്തനം പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നഗരസഭ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
പൈപ്പ് ലൈനിനുവേണ്ടി എടുത്ത കുഴികളിൽ യാത്രക്കാർ അകപ്പെട്ട് മരണങ്ങളും അപകടങ്ങളും നിരന്തരം ഉണ്ടായിട്ടും അധികാരികൾ കണ്ണുതുറക്കാത്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് പ്രക്ഷോഭപരിപാടികൾ നടത്താൻ തീരുമാനിച്ചത്. ടി. മൊയ്‌ദീൻ കോയ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് എൻ.കെ. മുഹമ്മദലി അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി എം. നസീഫ്, ഒ.പി. മജീദ്,
കോഴിശ്ശേരി മജീദ്, ഒ.കെ. കാദർകുട്ടി, പി.കെ. സുബൈർ, പി.സി. റാഷിദ്, സമദ് പി.കെ.സി., കുഞ്ഞൂട്ടിയാലി, മുഹമ്മദ് എരഞ്ഞോണ എന്നിവർ സംസാരിച്ചു.
അധ്യാപക നിയമനം
നന്മണ്ട : ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, അറബിക് വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 15-ന് രണ്ടിന് സ്കൂളിൽ നടക്കും.