കൊയിലാണ്ടി : കെ-റെയിൽ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് കെ. മുരളീധരൻ എം.പി. പറഞ്ഞു. പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യവുമായി കെ-റെയിൽ വിരുദ്ധ ജനകീയസമിതി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വികസനത്തിന് തങ്ങൾ എതിരല്ലെന്നും വികസനത്തിന്റെ പേരിൽ ലൈഫ് മിഷനിലും കെ-ഫോണിലും മറ്റും നടക്കുന്ന അഴിമതിയെയാണ് തങ്ങൾ എതിർത്തതെന്നും മുരളീധരൻ പറഞ്ഞു. കെ-റെയിലിന്റെ പേരിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കുടിയൊഴിപ്പിക്കലിനായിരിക്കും കേരളം സാക്ഷ്യംവഹിക്കാൻ പോവുന്നത്. അതിനാൽ എന്തുവിലകൊടുത്തും ഈ പദ്ധതിയെ എതിർത്തുതോൽപ്പിക്കും. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ കെ-റെയിൽ പദ്ധതി ചവറ്റുകൊട്ടയിലെറിയും.
നാല് രാജ്യാന്തര വിമാനത്താവളങ്ങളുള്ള സംസ്ഥാനത്ത് അർധ അതിവേഗ റെയിൽപ്പാതയുടെ ആവശ്യമില്ല. പദ്ധതിക്കായി സർവേക്കല്ലുകൾ സ്വകാര്യഭൂമിയിൽ സ്ഥാപിക്കാൻ അനുവദിക്കില്ല. എരഞ്ഞിപ്പാലത്തുനിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം ഒട്ടേറെപ്പേർ പങ്കെടുത്തു.
കെ-റെയിൽ വിരുദ്ധ ജനകീയസമിതി ജില്ലാ ചെയർമാൻ ടി.ടി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മുതുകുനി, രാമചന്ദ്രൻ വരപ്രത്ത്, ആർ.കെ. സുരേഷ്, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പി.എം. ശ്രീകുമാർ, നിജിൻ ചോറോട്, സുകുമാരൻ, എൻ.പി. അബ്ദുള്ള ഹാജി, പി.വി.സി. മമ്മു, ഷാഫി എലത്തൂർ, മണിദാസ് കോരപ്പുഴ, പി.കെ. സഹീർ, കെ. ഫാറൂഖ്, പ്രവീൺ ചെറുവത്ത്, സുനീഷ് കീഴാരി, നസീർ ന്യൂജല്ല തുടങ്ങിയവർ നേതൃത്വം നൽകി.