ഫറോക്ക് : വീട് ഉയർത്താനുള്ള ശ്രമം പാളിയതോടെ ഇരുനില വീട് പൂർണമായും തകർന്നു. ഫറോക്ക് ചുങ്കം മങ്കുഴിപ്പൊറ്റ പാലശ്ശേരി ഹനീഫയുടെ വീടാണ് ബുധനാഴ്ച ഉയർത്തൽ ശ്രമത്തിനിടെ തകർന്നത്.
അടിഭാഗത്തെ ചുമരുകൾ തകർന്നതിനാൽ ഒന്നാംനില ഒരു ഭാഗത്തേക്ക് ചെരിഞ്ഞ നിലയിലാണ്. സമീപത്ത് രണ്ട് വീടുകൾ ഇത്തരത്തിൽ ഒരു മീറ്ററോളം ഉയർത്തിയത് കണ്ടാണ് തന്റെ വീടും ഉയർത്താനുള്ള ശ്രമം നടത്തിയതെന്ന് ഹനീഫ പറഞ്ഞു. ഡിസംബർ 25-നാണ് വീട് ഉയർത്തുന്ന പ്രവൃത്തി ആരംഭിച്ചത്.
തറയുടെ എല്ലാ ഭാഗത്തും ജാക്കി വെക്കുന്ന ജോലി അവസാനഘട്ടത്തിലായിരുന്നു. നൂറിൽപ്പരം ജാക്കികൾ ഇത്തരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ കാരണം താഴ്ന്ന പ്രദേശമായ ഇവിടെ വെള്ളം നിറഞ്ഞ് മണ്ണ് കുതിർന്ന് ഒരു വശത്തെ ജാക്കികൾ മാറിയതാവാം വീട് തകരാൻ കാരണമെന്ന് കരുതുന്നു.