പന്തീരാങ്കാവ് : നാടെങ്ങും കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ റിട്ട. പോലീസ് എസ്.ഐ. സുലൈമാനും കുടുംബത്തിനും കുടിവെള്ളത്തെക്കുറിച്ച് ഒട്ടും ആശങ്കയില്ല. കഴിഞ്ഞ പത്തുവർഷമായി കുടിവെള്ളം സുലഭമാണ് സുലൈമാന്. മഴവെള്ളക്കൊയ്‌ത്തിലൂടെയാണ് ഈ ജലസമൃദ്ധി.

പത്തുവർഷംമുമ്പാണ് കെ.പി. സുലൈമാൻ കൊടിനാട്ടുമുക്ക് പനങ്കുളത്തെ ‘അൽ ഫലഖി’ൽ വീട്ടിൽ മഴവെള്ളസംഭരണിയും കിണർ റീച്ചാർജിങ്ങും തുടങ്ങിയത്.

രൂക്ഷമായ കുടിവെള്ളക്ഷാമവും കിട്ടുന്ന കിണർവെള്ളംപോലും ശുദ്ധവുമല്ലാതിരുന്ന സമയത്താണ് സുലൈമാൻ ബന്ധുവും സി.ഡബ്ല്യു.ആർ.ഡി.എം. ടെക്നിക്കൽ അസിസ്റ്റൻറ്‌ കബീറുമായി സംസാരിക്കാനിടയായത്.

അദ്ദേഹത്തിന്റെ നിർദേശപ്രകാരം വീടിന് മുൻവശത്ത് 20,000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി നിർമിച്ചു. ടെറസിൽ വീഴുന്ന മഴവെള്ളം സംഭരണിയിലെത്തിക്കാനും ശുദ്ധീകരിക്കാനും സംവിധാനമുണ്ടാക്കി.

സംഭരണി നിറയുമ്പോൾ പുറത്തേക്കൊഴുകുന്ന വെള്ളവും സുലൈമാൻ പാഴാക്കിയില്ല. സംഭരണി നിറയുമ്പോൾ പുറത്തേക്കൊഴുകാൻ വെച്ച പൈപ്പുവഴി ഏകദേശം 10 മീറ്റർ അകലെയുള്ള കിണറിലേക്ക് അധിക വെള്ളം റീച്ചാർജിങ് ചെയ്യും. ഒരു മഴക്കാലത്ത് നാലുലക്ഷംമുതൽ അഞ്ചുലക്ഷം ലിറ്റർ മഴവെള്ളംവരെ കിണറിലെത്തിക്കാനാവുമെന്ന് സുലൈമാൻ പറയുന്നു. ഏകദേശം 20,000 രൂപയാണ് സംഭരണിക്കും അനുബന്ധ നിർമാണത്തിനും ഉൾപ്പെടെ ചെലവായത്.

സുലൈമാന്റെ ഭാര്യ സുബൈദ മോഡൽ സ്കൂളിൽനിന്ന് വിരമിച്ച അധ്യാപികയാണ്. ഇരട്ടമക്കളായ സീമിയ ഡോക്ടറും സുമയ്യ തപാൽ വകുപ്പ് ജീവനക്കാരിയും. മകൻ ജിഷാദ് എൻജിനിയർ.