കോഴിക്കോട്: ശ്രീചിത്രത്തിരുന്നാൾ ആശുപത്രിയിൽനിന്നും വിദഗ്‌ധ സംഘം ഡോക്ടർമാർ മെഡിക്കൽ കോളേജിൽ നാലുദിവസം ക്യാമ്പ് ചെയ്ത് അഞ്ചുകുട്ടികൾക്ക് ഹൃദയശസ്ത്രക്രിയ നടത്തി. ഇതുവരെ ശസ്ത്രക്രിയയ്ക്ക് വിധേയരായ 14 കുട്ടികളും പൂർണ ആരോഗ്യവാന്മാരാണെന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. കുര്യാക്കോസ് പറഞ്ഞു.

കഴിഞ്ഞതവണ ഓപ്പറേഷന് വിധേയരായ ഒമ്പതുകുട്ടികളുടെ ശസ്ത്രക്രിയാനന്തര പരിചരണവും ഡോക്ടർമാർ വിലയിരുത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കൊപ്പം ഫോട്ടോയെടുത്ത് അവരെ ആശ്വസിപ്പിച്ചാണ് വിദഗ്‌ധസംഘം തിരുവനന്തപുരത്തേക്ക് തിരിച്ചുപോയത്. എല്ലാമാസവും നാലുദിവസം മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ നാഷണൽ ഹെൽത്ത് മിഷന്റെ (എൻ.എച്ച്.എം.) ഹൃദ്യം പദ്ധതിയനുസരിച്ച് ഇവർ ഹൃദയ ശസ്ത്രക്രിയ നടത്താൻ മേൽനോട്ടം വഹിക്കുന്നതോടൊപ്പം ആശുപത്രി ജീവനക്കാർക്ക് പരിശീലനവും നൽകും.

ഹൃദയഭാരംഒഴിഞ്ഞ് അവർ മടങ്ങി

അഞ്ചാംമാസം ഗർഭിണിയായിരിക്കെ കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖംബാധിച്ച മലപ്പുറം വേങ്ങര സ്വദേശികളുടെ രണ്ടു വയസ്സും നാലുമാസവും പ്രായമുള്ള മകൻ, കൊടുവള്ളി സ്വദേശികളായ ദമ്പതികളുടെ അഞ്ചുമാസംമാത്രം പ്രായമുള്ള കുഞ്ഞ്, ഒന്നരവയസ്സ് പ്രായമുള്ള ആൺകുട്ടി, ഒരു വയസ്സുകാരൻ, പിന്നെ മൂന്ന് വയസ്സുകാരനും രക്ഷിതാക്കളോടൊപ്പം തങ്ങളെരക്ഷിച്ച ഡോക്ടർമാരെ കാണാനെത്തിയത് ഏറെ ആശ്വാസത്തോടെയാണ്.

ഈമാസം തുടക്കത്തിൽ സൂപ്പർ സ്പെഷ്യാലിറ്റിയിൽ കാർഡിയോ തൊറാസിക് വിഭാഗത്തിൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ചു കുട്ടികളാണ് ശ്രീചിത്ര ആശുപത്രിയിൽനിന്നെത്തിയ വിദഗ്‌ധ ഡോക്ടർമാരെ കാണാനെത്തിയത്. പത്തുദിവസത്തിനുശേഷം രക്ഷിതാക്കളോടൊപ്പം രോഗം ഭേദമായതിന്റെ ആശ്വാസത്തിലാണ് അവർ മടങ്ങിയത്.

ശ്രീചിത്രയിൽനിന്ന് ഡോ. ബൈജു എസ്. ധരന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘത്തിൽ ഡോ. പി.ആർ. സുനിൽ, ഡോ. സുധീപ് ദത്ത, ഡോ. സൗമ്യ, നഴ്സ് ആനി ജോൺ എന്നിവരും മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോ. കെ.എം. കുര്യാക്കോസ്, ഡോ. എസ്. രാജേഷ്, ഡോ. ടി.സി. പ്രജീഷ്, ഡോ. സജീവ് കെ. പോൾ, ഡോ. അഷ്റഫ് ഉസ്മാൻ, ഡോ. അതുൽ എബ്രഹാം, ഡോ. ആനന്ദ്, ഡോ. നജീബ് തുടങ്ങിയവരും അനസ്തീഷ്യ, ബ്ളഡ് ബാങ്ക് എന്നീ വിഭാഗങ്ങളിൽനിന്നുള്ളവരും ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകി.

ഹൃദ്യം പദ്ധതി

ഹൃദ്യം പദ്ധതിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന ജന്മനാ ഹൃദയ സംബന്ധമായ രോഗങ്ങളുള്ള 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് വിദഗ്‌ധ ചികിത്സ ലഭ്യമാകും. ഏറ്റവുമധികം ശിശുമരണം സംഭവിക്കുന്നത് ജന്മനായുള്ള ഹൃദ്രോഗം മൂലമാണ്. ഈ പദ്ധതിയിൽ വെബ് അടിസ്ഥാനമാക്കിയുള്ള രജിസ്ട്രി സൂക്ഷിച്ച് രോഗവിവരങ്ങൾ മനസ്സിലാക്കി ഉചിതമായ ചികിത്സ നിശ്ചയിക്കുന്നു. സംസ്ഥാനത്തൊട്ടാകെ ഹൃദ്യം പദ്ധതിയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് രജിസ്റ്റർചെയ്ത കുട്ടികൾ ഏകദേശം നാലായയിരത്തോളം വരുമെന്ന് നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ അധികൃതർ അറിയിച്ചു.

ഹാർട്ട് ലങ്‌ മെഷീൻ ഉടൻ സ്ഥാപിക്കും

മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ പാശ്ചാത്തലസൗകര്യം കൂടുതൽ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയത്തിന്റെ പ്രവർത്തനം ശസ്ത്രക്രിയാസമയങ്ങളിലും മറ്റും പൂർണമായി ഏറ്റെടുക്കുന്ന ഹാർട്ട് ലങ്‌ മെഷീൻ അടുത്തുതന്നെ സ്ഥാപിക്കും. വൻകിട കമ്പനികളുടെ സി.എസ്.ആർ. (കോർപ്പറേറ്റ് കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത്വം) ഫണ്ടിൽനിന്ന് 24 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. കുര്യാക്കോസ് പറഞ്ഞു.

പീടിയാട്രിക് കാർഡിയോളജി സെന്ററിന് 200 കോടിയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും എ. ക്വാർട്ടേഴ്സിനുസമീപം ഒന്നര ഏക്കർ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മുതിർന്നവരുടെ കാർഡിയോളജി വിഭാഗത്തിലാണ് കുട്ടികളുടെ ശസ്ത്രക്രിയകൾ ഇപ്പോൾ നടക്കുന്നത്.