കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചായിരിക്കണം ആഘോഷമെന്ന് ഖാസിമാരും മറ്റ് മതനേതാക്കളും ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു. വിശ്വാസികൾ പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി ഈദ് സന്ദേശത്തിൽ പറഞ്ഞു. കോവിഡ് മഹാമാരിയിൽനിന്നുള്ള മോചനത്തിനായി പ്രാർഥിക്കാൻ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസും വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയത ശോഭ നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് കെ.എൻ.എം. സംസ്ഥാനപ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനിയും ജനറൽസെക്രട്ടറി എം. മുഹമ്മദ് മദനിയും പറഞ്ഞു.

‘കോവിഡിനെ ചെറുക്കാം’

കോഴിക്കോട് : കോവിഡ് മഹാമാരിയിൽനിന്ന് മനുഷ്യർക്ക് മോചനം കിട്ടാൻ തങ്ങളാലാവുന്നത് ചെയ്യാൻ ഓരോ വിശ്വാസിയും പെരുന്നാൾ ദിനത്തിൽ പ്രതിജ്ഞ ചെയ്യണമെന്ന് കെ.എൻ.എം. മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡൻറ് ഇ.കെ. അഹ്മദ് കുട്ടിയും ജന. സെക്രട്ടറി സി.പി. ഉമർ സുല്ലമിയും ഈദുൽ ഫിത്വർ സന്ദേശത്തിൽ പറഞ്ഞു.

സന്തോഷം എല്ലാവരിലേക്കും പകരണം -കാന്തപുരം

കോഴിക്കോട് : ഒരുമാസത്തെ വ്രതനാളുകൾ പൂർത്തീകരിച്ചു പെരുന്നാളിനെ സ്വീകരിക്കുന്ന വിശ്വാസികൾ കരുണാർദ്രമായ മനസ്സോടെ, വിഷമിക്കുന്നുവരുടെ പ്രയാസങ്ങൾ അകറ്റാനും സ്നേഹ സാന്ത്വന സന്ദേശങ്ങൾ പരസ്പരം കൈമാറാനും ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.