കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചായിരിക്കണം ആഘോഷമെന്ന് ഖാസിമാരും മറ്റ് മതനേതാക്കളും ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു. വിശ്വാസികൾ പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി ഈദ് സന്ദേശത്തിൽ പറഞ്ഞു. കോവിഡ് മഹാമാരിയിൽനിന്നുള്ള മോചനത്തിനായി പ്രാർഥിക്കാൻ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസും വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയത ശോഭ നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് കെ.എൻ.എം. സംസ്ഥാനപ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനിയും ജനറൽസെക്രട്ടറി എം. മുഹമ്മദ് മദനിയും പറഞ്ഞു.

‘കോവിഡിനെ ചെറുക്കാം’

കോഴിക്കോട് : കോവിഡ് മഹാമാരിയിൽനിന്ന് മനുഷ്യർക്ക് മോചനം കിട്ടാൻ തങ്ങളാലാവുന്നത് ചെയ്യാൻ ഓരോ വിശ്വാസിയും പെരുന്നാൾ ദിനത്തിൽ പ്രതിജ്ഞ ചെയ്യണമെന്ന് കെ.എൻ.എം. മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡൻറ് ഇ.കെ. അഹ്മദ് കുട്ടിയും ജന. സെക്രട്ടറി സി.പി. ഉമർ സുല്ലമിയും ഈദുൽ ഫിത്വർ സന്ദേശത്തിൽ പറഞ്ഞു. പലസ്തീൻ ജനതയെ പിറന്ന മണ്ണിൽ ജീവിക്കാൻ അനുവദിക്കാത്ത ഇസ്രയേൽ ഭീകരതക്കെതിരേ ഒന്നിക്കാനും ഈദ് സന്ദേശത്തിൽ നേതാക്കൾ ആഹ്വാനം ചെയ്തു.

സന്തോഷം എല്ലാവരിലേക്കും പകരണം -കാന്തപുരം

കോഴിക്കോട് : ഒരുമാസത്തെ വ്രതനാളുകൾ പൂർത്തീകരിച്ചു പെരുന്നാളിനെ സ്വീകരിക്കുന്ന വിശ്വാസികൾ കരുണാർദ്രമായ മനസ്സോടെ, വിഷമിക്കുന്നുവരുടെ പ്രയാസങ്ങൾ അകറ്റാനും സ്നേഹ സാന്ത്വന സന്ദേശങ്ങൾ പരസ്പരം കൈമാറാനും ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. കോവിഡ് തീവ്ര വ്യാപനത്തിന്റെ ഈ സമയത്ത് ആഘോഷങ്ങൾ വീടുകളിൽ പരിമിതപ്പെടുത്തണം. ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് കഷ്ടപ്പെടുന്നവരെ സഹായിക്കാനും സൗഹൃദ ബന്ധങ്ങൾ പുതുക്കാനും വിശ്വാസികൾക്ക് സാധിക്കണമെന്നും കാന്തപുരം പറഞ്ഞു.

ഫലസ്തീനിലെ ജനതക്കുനേരെ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണം ലോകത്തെ മുസ്‌ലിങ്ങളെ ഏറെ വിഷമിപ്പിക്കുന്നതാണ്. പലസ്തീനികൾക്ക് വേണ്ടിയുള്ള പ്രാർഥന എല്ലാവരും നടത്തണമെന്നും കാന്തപുരം പറഞ്ഞു.