പന്തീരാങ്കാവ് : കോവിഡ് വ്യാപനത്തിൽ കടകളടഞ്ഞുകിടക്കുമ്പോൾ വ്യാപാരികൾ ഓടകൾ വൃത്തിയാക്കിയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും നാടിന് കരുതലായി.

പന്തീരാങ്കാവ് അങ്ങാടിയിലാണ് മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തകർ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനവുമായി രംഗത്തെത്തിയത്.

2019-ലെ വെള്ളപ്പൊക്കത്തിൽ പന്തീരാങ്കാവ് അങ്ങാടിയിലെ കടകളെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു.

ഓവുചാലുകൾ വൃത്തിയാക്കുന്നത് ഉൾപ്പെടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് ഇതുവരെ തുടങ്ങിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് സന്നദ്ധ പ്രവർത്തനത്തിന് വ്യാപാരികൾ മുന്നിട്ടിറങ്ങിയത്. എൻ. രവീന്ദ്രനാഥൻ, പി. മൊയ്തീൻകോയ, പി.എം. ഉമേഷ്, പ്രബീഷ് വിസ്മയ, എം.വി. പ്രവീൺ കുമാർ, എം.കെ. അംജത് ഖാൻ എന്നിവർ നേതൃത്വം നൽകി.