ബാലുശ്ശേരി : ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഉണ്ണികുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പു ദിവസം തുടങ്ങിയ സംഘർഷാവസ്ഥ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം നടന്ന സർവകക്ഷി അനുരഞ്ജന യോഗത്തിലാണ് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ തീരുമാനമായത്.

വോട്ടെടുപ്പുദിവസം യു.ഡി.എഫ്. സ്ഥാനാർഥിയെ ബൂത്തിൽനിന്ന് എൽ.ഡി.എഫ്. പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നീട് വോട്ടെടുപ്പിനുശേഷം ബൂത്ത് പരിസരത്തുവെച്ച് ഇരുവിഭാഗം ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി.

പിറ്റേന്ന് നടന്ന യു.ഡി.എഫ്. പ്രതിഷേധത്തിനിടെ കരുമലവെച്ച് വീണ്ടും ചേരിതിരിഞ്ഞ് സംഘർഷമുണ്ട്. ഇതിനുശേഷം ഉണ്ണികുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ച സംഭവം നടന്നു.

ഒടുവിൽ തിങ്കളാഴ്ച അർധരാത്രി തേനാക്കുഴി സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ അക്രമമുണ്ടായി. പതിവില്ലാത്ത വിധം സംഘർഷം തുടർന്നതോടെയാണ് കലക്ടറുടെ അടിയന്തര ഇടപെടലോടെ യോഗം നടന്നത്.

എ.ഡി.എം. എൻ. പ്രേമചന്ദ്രൻ, താമരശ്ശേരി തഹസിൽദാർ ടി. ചന്ദ്രൻ, പുരുഷൻ കടലുണ്ടി എം.എൽ.എ., ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡന്റ് നിജിൽ രാജ്, സി.ഐ. രാജേഷ് മനങ്കരത്ത് എന്നിവരും വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.

സർവകക്ഷി യോഗത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എ. ചെയർമാനും തഹസിൽദാർ പി. ചന്ദ്രൻ കൺവീനറുമായ അനുരഞ്ജന കമ്മിറ്റി രൂപവത്‌കരിച്ചു. കോൺഗ്രസ്, സി.പി.എം., മുസ്‌ലിംലീഗ്, ബി.ജെ.പി., എൻ.സി.പി. എന്നീ രാഷ്ട്രീയപ്പാർട്ടികളുടെ രണ്ടുവീതം പ്രതിനിധികളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗ തീരുമാനപ്രകാരം തകർക്കപ്പെട്ട ഇരുവിഭാഗത്തിന്റെയും പാർട്ടി ഓഫീസുകളും സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെയും അനുരഞ്ജന കമ്മിറ്റി അംഗങ്ങൾ ഒരുമിച്ച് സന്ദർശിക്കും. ഇനിയൊരു തീരുമാനം ഉണ്ടാകുംവരെ പ്രതിഷേധ പ്രകടനങ്ങളോ പൊതുയോഗങ്ങളോ ഇല്ല, തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റക്കാർക്കെതിരേ നടപടി എടുക്കുക, അക്രമസാധ്യതയുള്ള മേഖലകളിൽ പോലീസ് സംരക്ഷണം ഉറപ്പാക്കുക എന്നീ തീരുമാനങ്ങൾ ഐകകണ്ഠ്യേന നടപ്പാക്കാൻ അനുരഞ്ജന കമ്മിറ്റി നേതൃത്വം നൽകും.