കോഴിക്കോട് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വലിയങ്ങാടിയിൽ ഇനി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം കച്ചവടം. ഒരു ദിവസം ചരക്കിറക്കും. പിറ്റേദിവസം കച്ചവടം നടത്തും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ബുധനാഴ്ച വലിയങ്ങാടിയിൽ കോവിഡ് പരിശോധനയുണ്ട്. അതിനാൽ കച്ചവടവും ചരക്കിറക്കലും ഉണ്ടാവില്ല. വ്യാഴാഴ്ച ചരക്കിറക്കി വെള്ളിയാഴ്ച കച്ചവടം നടത്തും. അടുത്ത ആഴ്ച മുതൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും ചരക്കിറക്കുക.
വലിയങ്ങാടിയിൽ ആകെ മുന്നൂറോളം കടകളുണ്ട്. ഇതിൽ 250 എണ്ണവും അരിയും ഭക്ഷ്യധാന്യങ്ങളും വിൽക്കുന്നവയാണ്. തൊഴിലാളികൾ തന്നെ 1600-ഓളം പേരുണ്ട്. ഇതിനുപുറമേ കച്ചവടക്കാരും ലോറിക്കാരുമെല്ലാം ചേരുമ്പോൾ മൂവായിരത്തിനടുത്താളുകളാണ് ഒരു ദിവസം വലിയങ്ങാടിയിൽ എത്തുന്നത്.
ചരക്കിറക്കലും കച്ചവടവും രണ്ടു ദിവസമായി നടത്തുമ്പോൾ ഒരു സമയം പകുതി തൊഴിലാളികൾ മാത്രമേ ഉണ്ടാകൂ. വലിയങ്ങാടി പൂട്ടിയിടുന്നത് ജനങ്ങളെ ബാധിക്കും. എങ്കിലും അനിവാര്യമാണെങ്കിൽ അടച്ചിടുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രോട്ടോക്കോൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനും പ്രോട്ടോക്കോൾ പാലിക്കാത്ത തൊഴിലാളികളുടെ ലൈസൻസ് താത്‌കാലികമായി റദ്ദ് ചെയ്യുന്നതിനും ലേബർ ഓഫീസർക്ക് ശുപാർശ ചെയ്യും. പത്തു ദിവസത്തിനുശേഷം ആവശ്യമെങ്കിൽ മറ്റ് ക്രമീകരണം നടത്തും.
വലിയങ്ങാടി കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. വലിയങ്ങാടിയുമായി ബന്ധപ്പെട്ട് നിലവിൽ 15 രോഗികളാണുള്ളത്.
കുറ്റിച്ചിറയിലും കോവിഡ് കേസുകൾ ഉണ്ടാവുന്നുണ്ട്. ജനസാന്ദ്രതയേറിയ പ്രദേശമാണിത്. ഇവിടെ കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടും. വീടുകളിലെ പ്രായമായവരുടെയും കുട്ടികളുടെയും കാര്യത്തിൽ ശ്രദ്ധചെലുത്തും. ആളുകളുടെ സമ്പർക്കപ്പട്ടിക കണ്ടെത്തി പരിശോധിക്കും. നിരീക്ഷണത്തിലിരിക്കുന്നവർക്ക് വീട്ടിൽ സൗകര്യമില്ലെങ്കിൽ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റും.
സബ് കളക്ടർ ജി. പ്രിയങ്ക കൺവീനറായി പോലീസ്, ഹെൽത്ത് ഓഫീസർ, സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ ഓരോ ദിവസമുള്ള സ്ഥിതിവിവരം കളക്ടർക്ക് നൽകും. ബുധനാഴ്ച രാവിലെ 10-ന് രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ യോഗം ചേരും.
മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡോ. എം.കെ. മുനീർ എം.എൽ.എ., ഡി.എം.ഒ. ഡോ. വി. ജയശ്രീ, സെക്രട്ടറി ബിനു ഫ്രാൻസിസ്, ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ, ടൗൺ സി.ഐ. എ. ഉമേഷ്, കേരള ഫുഡ് ഗ്രെയിൻസ് പ്രൊവിഷൻസ് മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ എ. ശ്യാംസുന്ദർ, പി.എം. ബഷീർ അഹമ്മദ്, തൊഴിലാളിസംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.