അരൂർ : കാട്ടുപന്നികളും മുള്ളൻപന്നികളും നാട്ടിലിറങ്ങി വൻതോതിൽ കൃഷി നശിപ്പിക്കുന്നു. വാഴ, മരച്ചീനി, ചേമ്പ്, ചേന, തെങ്ങിൻതൈ ഉൾപ്പെടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
കഴിഞ്ഞദിവസം രാത്രി അരൂർ യു.പി. സ്കൂളിനടുത്ത് കിഴക്കേവയലിൽ കുനി ബാബുവിന്റെ മരച്ചീനി വലിയതോതിൽ നശിപ്പിച്ചു. അരൂരിൽ വ്യാപകമായി ജൈവപച്ചക്കറിക്കൃഷി ആരംഭിച്ച വേളയിലാണ് കാട്ടുപന്നികൾ കൂട്ടമായെത്തിയത്. ഇതിനിടയിലാണ് മുള്ളൻപന്നിയുടെ ശല്യം. കാട്ടുപന്നി പകലും വിഹരിക്കുന്നതിനാൽ കുട്ടികളെ പുറത്ത് വിടാൻ പറ്റാത്ത അവസ്ഥയാണ്. ഇക്കാര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.