കട്ടിപ്പാറ : അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് മിച്ചഭൂമിയിൽ യാഥാർഥ്യമാക്കിയ സാംസ്കാരിക നിലയവും കുടിവെള്ളപദ്ധതിയും ബുധനാഴ്ച നാടിന് സമർപ്പിക്കും.
ജില്ലയിലെ ഇത്തരത്തിലുള്ള പ്രഥമപദ്ധതിയുടെ ഉദ്ഘാടനം രാവിലെ 11.30-ന് പട്ടികജാതി-വർഗ ക്ഷേമ മന്ത്രി എ.കെ. ബാലൻ വീഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കുമെന്ന് കാരാട്ട് റസാഖ് എം.എൽ.എ. അറിയിച്ചു.
സംസ്ഥാന പട്ടികജാതി വികസന വകുപ്പ് അനുവദിച്ച ഒരു കോടിരൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. പദ്ധതിയുടെ ഭാഗമായി മൂവായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് ഭിന്നശേഷിസൗഹൃദ സാംസ്കാരിക നിലയമൊരുക്കിയത്. കുടിവെള്ളപദ്ധതികൾക്കായി രണ്ട് കിണറുകൾ, പമ്പ് ഹൗസുകൾ, പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകൾ എന്നിവ സ്ഥാപിച്ചു. 110 പട്ടികജാതികുടുംബങ്ങൾക്ക് ഗാർഹിക കണക്‌ഷനുകളും 22 പൊതുടാപ്പുകളും സജ്ജീകരിച്ചു. സാംസ്കാരിക നിലയത്തിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുകയും കോളനിയുടെ ഭാഗമായി ശ്മശാനത്തിലേക്കുള്ള പാതയുടെ ടാറിങ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.