കോഴിക്കോട് : സി.എച്ച്. സെന്റർ നിസ്വാർഥരായ ആയിരങ്ങളുടെ അധ്വാനത്തിന്റെ ഫലമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. സി.എച്ച്. സെന്റർ ഡോർമിറ്ററി, പൂക്കോയ തങ്ങൾ ഹോസ്പിസ് ആസ്ഥാനമന്ദിരം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവകാരുണ്യപ്രവർത്തനമേഖലയിൽ ഏറെ ശ്രദ്ധേയമായ ഒരു കാര്യത്തിലേക്കാണ് 2020 ഓഗസ്റ്റ് 15 മുതൽ സി.എച്ച്. സെന്റർ പ്രവേശിച്ചത്. 24 മണിക്കൂറും ഡോക്ടറുടെ സേവനത്തോടെ പാലിയേറ്റീവ് പരിചരണം എന്നത് വലിയൊരു പദ്ധതിയാണ് -തങ്ങൾ പറഞ്ഞു.

പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., എം.കെ. മുനീർ എം.എൽ.എ., ഇ.ടി. മുഹമ്മദ് ബഷീർ എം.പി., പി.വി. അബ്ദുൾവഹാബ് എം.പി., പി.എം.എ. സലാം, പാറക്കൽ അബ്ദുള്ള എം.എൽ.എ., സി.എച്ച്. സെന്റർ പ്രസിഡന്റ് കെ.പി. കോയ, ജനറൽ സെക്രട്ടറി എം.എ. റസാഖ്, ടി.പി. മുഹമ്മദ്, നൂർബിനാ റഷീദ്, ദിനേശ് പെരുമണ്ണ, ഡോ. ഇദ്‌രീസ്, ഡോ. ടി.പി. അഷറ്ഫ്, ഡോ. ഫിറോസ്, ഡോ. ബിശറുൽ ഹാഫി, സി.എച്ച്. സെന്റർ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഡോ. എം.ആർ. രാജഗോപാൽ ഓൺലൈനിലൂടെ ചടങ്ങിൽ സംസാരിച്ചു. ആസ്ഥാനമന്ദിരത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്കും മറ്റും മേൽനോട്ടം വഹിച്ചവരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആദരിച്ചു.

ഓഗസ്റ്റിലാണ് പാലിയേറ്റീവ് സേവനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പൂക്കോയതങ്ങൾ ഹോസ്പിസ് എമർജൻസി പാലിയേറ്റീവ് ഹോം കെയർ സേവനം നഗരപരിധിയിൽ ആരംഭിച്ചത്. ഒ.പി.യും ഐ.പി.യും പുതിയ പൂക്കോയ തങ്ങൾ ഹോസ്പിസ് ആസ്ഥാനമന്ദിരത്തിലായിരിക്കും. സി.എച്ച്. സെന്റർ പാലിയേറ്റീവ് കെയർ സേവനങ്ങളുടെ ഹെഡ് ക്വാർട്ടേഴ്‌സായാണ് പ്രവർത്തിക്കുക.

ഒ.പി., ഐ.പി. ഹോംകെയറിന് പുറമേ ഫിസിയോ തെറാപ്പി യൂണിറ്റ്, സ്റ്റോമാ കെയർ ക്ളിനിക് തുടങ്ങിയവയും ഹോസ്പിസ് ആസ്ഥാനമന്ദിരത്തിന്റെ ഭാഗമായി പ്രവർത്തിക്കും.

പാലിയേറ്റീവ് സേവനത്തിനായി ആറ് ഡോക്ടർമാരും പരിശീലനം ലഭിച്ച വൊളന്റിയറും സദാ സന്നദ്ധരായിട്ടുണ്ട്.

പാലിയേറ്റീവ് രോഗികൾക്ക് ജീവിതം തിരിച്ചുപിടിക്കാനായി വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകി, സ്വയംപര്യാപ്തതയ്ക്കുള്ള പദ്ധതിയും ആരംഭിച്ചു.