മാവൂർ : യാത്ര എന്നും ശ്യാം അംബേദ്ക്കറിന് സ്വപ്നമായിരുന്നു. എന്നാൽ പണം അതിനൊരു തടസ്സമായി. ഐ.ടി.ഐ.യിൽ മെക്കാനിക്കൽ കോഴ്സ് കഴിഞ്ഞ ഉടനെ അംബേദ്ക്കർ യാത്രയ്ക്കുവേണ്ട പണം കണ്ടെത്താൻ കൂലിപ്പണിക്ക് ഇറങ്ങി. പല ജോലികൾ ചെയ്തു.

യാത്രയെ മാത്രം മുന്നിൽക്കണ്ട്. കഠിന ജോലികളിലൂടെ യാത്രയ്ക്കാവശ്യമായ തുക കണ്ടെത്തി. ആദ്യം ആറായിരം രൂപയ്ക്ക് ഒരു സാധാരണ സൈക്കിൾ വാങ്ങി. പിന്നെ ടെൻറും മറ്റ് സാമഗ്രികളും വാങ്ങിച്ചു. ബാക്കിയുള്ള പണം ചെലവിനുവേണ്ടി മാറ്റിവെച്ചു.

അങ്ങനെ മാവൂർ ചിറക്കൽ താഴത്തെ ശ്യാം അംബേദ്ക്കറിന്റെ സ്വപ്ന യാത്രയ്ക്ക് ശനിയാഴ്ച തുടക്കം കുറിച്ചു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും കണ്ടറിയാൻ. മൂന്ന് മാസത്തെ യാത്രയാണ് ഉദ്ദേശിക്കുന്നത്. സാധാരണ സൈക്കിൾ ആയതുകൊണ്ടുതന്നെ ദിവസവും നൂറ് കിലോമീറ്റർ വരെയാണ് യാത്ര ചെയ്യുക. ആദ്യംകശ്മീരിലേക്കാണ് നേരിട്ട് പോകുന്നത്. പിന്നെ മറ്റ് സംസ്ഥാനങ്ങൾ താണ്ടി കന്യാകുമാരി വഴി കേരളത്തിലേക്ക്.

മാവൂർ പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നാണ് അംബേദ്ക്കറിന്റെ സൈക്കിൾ സവാരി തുടങ്ങിയത്.

എസ്.ഐ. മഹേഷ്‌കുമാർ ഫ്ലാഗ്്‌ഓഫ്‌ ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം കെ. ഉണ്ണിക്കൃഷ്ണൻ സംബന്ധിച്ചു.