മുക്കം : കോവിഡ് പ്രതിസന്ധിയിൽ മലയോരജനതയെ ചേർത്തുപിടിച്ച് മുക്കം അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസും. പട്ടിണി കിടക്കുന്നവരായി ആരുമുണ്ടാകരുതെന്ന ലക്ഷ്യവുമായി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഹൃദയപൂർവം പദ്ധതിക്ക് തുടക്കമായി. സിവിൽ ഡിഫൻസ് അംഗങ്ങൾ പാചകംചെയ്യുന്ന ഭക്ഷണം സേനയുടെ ജീപ്പിലും സിവിൽഡിഫൻസ് വൊളന്റിയർമാരുടെ ഇരുചക്രവാഹനങ്ങളിലും കൊണ്ടുപോയി വിതരണം ചെയ്യും.

പത്ത് പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും തെരുവുകളിൽ കഴിയുന്നവർക്കും മുഴുവൻ അംഗങ്ങളും ക്വാറൻറീനിലായ വീടുകളിലുമാണ് ഭക്ഷണം നൽകുക. ലോക്ഡൗൺ നിയന്ത്രണം അവസാനിക്കുന്നതുവരെ ഈ പദ്ധതി തുടരുമെന്ന് സ്റ്റേഷൻ ഓഫീസർ കെ.പി ജയപ്രകാശ് അറിയിച്ചു.

അവശ്യസർവീസുകൾക്കായി പ്രത്യേക ഹെൽപ്പ്‌ലൈൻ കൗണ്ടറുകൾ നേരത്തേതന്നെ തുടങ്ങിയിരുന്നു. ഇതിൽ ബന്ധപ്പെട്ടാൽ അവശ്യവസ്തുക്കൾ വൊളന്റിയർമാർ വീടുകളിലെത്തിച്ചുനൽകും. അവശ്യസാധനങ്ങൾക്കും മരുന്നുകൾക്കും മറ്റുമായി ആരും പുറത്തിറങ്ങേണ്ടതില്ലെന്നും ഓരോ പഞ്ചായത്തിലും വൊളന്റിയർമാർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും ഓഫീസർ അറിയിച്ചു.

ക്വാറന്റീനിൽ കഴിയുന്ന മാനസികസമ്മർദം അനുഭവിക്കുന്നവർക്കായി പ്രത്യേക ടെലികൗൺസലിങ്ങിനും തുടക്കമിട്ടിട്ടുണ്ട്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജയൻ നടുത്തൊടികയിൽ, സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ്‌വാർഡൻ അഖിൽജോസ്, രസ്നാസ്, റൈനീഷ്, മഹമൂദ്, ഇബ്രാഹിം, ആയിഷ, ഉമ്മർ റഫീഖ്, ആബിദ്, സൗഫീഖ്, റംല, നജ്മുദ്ദീൻ, അബ്ദുള്ള, രാജൻ, നവാസ്, പി.എസ്. അഖിൽ, അനന്തു, പ്രവീൺ, അംജിത് തുടങ്ങിയവർ നേതൃത്വം നൽകി.