ബേപ്പൂർ : ശക്തമായ കാറ്റിലും കോളിലുംപെട്ട്‌ മത്സ്യബന്ധനവള്ളം അഴിമുഖത്തിന്‌ സമീപം ചാലിയം പുലിമുട്ടിലെ പാറക്കൂട്ടത്തിൽ ഇടിച്ചുതകർന്നു.

വള്ളത്തിലുണ്ടായിരുന്ന 38 പേരിൽ നാലുപേർക്ക്‌ പരിക്കേറ്റു. ‘ഇബ്രാഹിം ബാദുഷ’ എന്ന ബോട്ടാണ്‌ തകർന്നത്‌. ബോട്ടുടമ മാറാട്‌ സ്വദേശി തലക്കലകത്ത്‌ അസീസ്‌, മാറാട്‌ അബൂബക്കറിന്റകത്ത്‌ ഷെറീഫ്‌, പരീച്ചിന്റകത്ത്‌ നിസാർ, കുഞ്ഞുമോൻ എന്നിവർക്കാണ്‌ നിസ്സാര പരിക്കേറ്റത്‌.

സംഭവമറിഞ്ഞ ഉടനെ ബേപ്പൂർ കോസ്റ്റൽ പോലീസ്‌ സംഘം എ.എസ്‌.ഐ. സജിത്‌ കുമാറിന്റെ നേതൃത്വത്തിൽ ബേപ്പൂർ അഴിമുഖത്തെത്തി സ്വകാര്യ ബോട്ടുകളുടെ സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ്‌ കടലിലകപ്പെട്ട മുഴുവൻ മത്സ്യത്തൊഴിലാളികളെയും കരയ്ക്കെത്തിച്ചത്‌.

മാറാട്ടെ തലക്കലകത്ത്‌ അസീസിന്റെയും മാറാട്‌ സ്വദേശി നിസാറിന്റെയും ഉടമസ്ഥതയിലുള്ള ഇബ്രാഹിം ബാദുഷ വ്യാഴാഴ്ച പുലർച്ചെ ബേപ്പൂർ മീൻപിടിത്ത തുറമുഖത്തുനിന്നാണ്‌ മീൻപിടിത്തത്തിന്‌ തിരിച്ചത്‌. ഉച്ചയോടെ കടലിലെ പ്രതികൂലാവസ്ഥമൂലം മത്സ്യബന്ധനം മതിയാക്കി ബേപ്പൂർ-ചാലിയം അഴിമുഖം കടക്കുന്നതിനിടെ കാറ്റുംകോളും ശക്തമാവുകയായിരുന്നു. നിയന്ത്രണംവിട്ട വള്ളം നേരെ ചാലിയം പുലിമുട്ടിലെ പാറക്കൂട്ടത്തിൽ ഇടിച്ചുതകർന്ന്‌ പകുതിയോളം മുങ്ങുകയായിരുന്നു.

വള്ളം മുങ്ങിയപ്പോൾ രക്ഷപ്പെടുന്നതിനിടയിലാണ് നാലു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റത്.

ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇരുപത് ലക്ഷം രൂപ വിലമതിക്കുന്ന വല ജനങ്ങൾ ചേർന്ന് കരയ്ക്കെത്തിച്ചു. വള്ളത്തിന്റെ അടിഭാഗം പാടെ തകർന്നിട്ടുണ്ട്. തകർന്ന സാധനങ്ങളിൽ എഞ്ചിൻ, എക്കോക്യാമറ, ജി.പി.എസ്. വയർലെസ്‌, വല, പാചക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

സംഭവമറിഞ്ഞ ഉടൻ ബേപ്പൂരും ചാലിയത്തുമുള്ള മത്സ്യബന്ധന മേഖലയിലെ ഒട്ടേറെപ്പേർ ചാലിയം-ബേപ്പൂർ പുലിമുട്ടുകളിൽ എത്തി രക്ഷാപ്രവർത്തനത്തിന് സഹായിച്ചു. വള്ളം ഉടമകളുടെ പരാതിപ്രകാരം ബേപ്പൂർ കോസ്റ്റൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.