മുക്കം: ‘എപ്പോഴും പുഞ്ചിരിച്ച്, എന്ത് പറഞ്ഞാലും അനുസരണയോടെ ചെയ്യുന്ന കൊച്ചുമിടുക്കി’. മുക്കം കുറ്റിപ്പാലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച സ്നേഹയെക്കുറിച്ച് ആരോട് ചോദിച്ചാലും മറുപടി ഇതായിരുന്നു. നാട്ടുകാർക്കും കൂട്ടുകാർക്കും അധ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടവൾ. പ്ലസ്ടു പഠനം കഴിഞ്ഞ് നാട്ടിൽ ചെറിയ ജോലിക്ക് പോയിരുന്ന അനന്തുവും ഇങ്ങനെതന്നെ. ബന്ധുക്കൾ എന്നതിലുപരി രണ്ടുപേരും നല്ല സുഹൃത്തുക്കൾ കൂടിയായിരുന്നു. നൂറുമീറ്റർ അകലെയായിരുന്നു ഇരുവരുടെയും വീടുകൾ. എന്ത് ആവശ്യത്തിന് വിളിച്ചാലും അനന്തു വിളിപ്പുറത്തുണ്ടാകും. ഇരുവരുടെയും ഒരുമിച്ചുള്ള വിയോഗത്തിന്റെ ആഘാതത്തിലാണ് 'തടപ്പറമ്പ് ' ഗ്രാമം.

മുക്കം ഓർഫനേജ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സ്നേഹ പാഠപുസ്തകങ്ങൾ വാങ്ങാനാണ് അനന്തുവിനൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. മകൾക്ക് പാഠപുസ്തകങ്ങൾ വാങ്ങാനുള്ള കാര്യം അച്ഛൻ പ്രമോദ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പുസ്തകങ്ങൾ കൈപ്പറ്റാൻ രക്ഷിതാക്കൾ മാത്രം വന്നാൽ മതിയെന്ന് സ്കൂൾ അധികൃതർ നിർദേശം നൽകിയിരുന്നു. പക്ഷേ, ഒന്നര വർഷത്തിലേറെയായി പരസ്പരം കാണാതിരിക്കുന്ന സഹപാഠികളെയും വിദ്യാലയത്തെയും ഒന്നുകാണാൻ മിക്ക രക്ഷിതാക്കൾക്കൊപ്പവും വിദ്യാർഥികളുമെത്തിയിരുന്നതായി അധ്യാപകർ പറയുന്നു. സ്കൂളിൽനിന്ന് പുസ്തകങ്ങൾ കൈപ്പറ്റിയത് അനന്തുവാണെന്ന് അധ്യാപകർ പറയുന്നു. സ്കൂളിൽനിന്ന് പാഠപുസ്തകങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.

ആ പുസ്തകത്താളുകൾക്കിടയിൽ ഇനി സ്നേഹയില്ല

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കിയായിരുന്നു സ്നേഹയെന്ന് മുക്കം ഓർഫനേജ് സ്കൂളിലെ അധ്യാപകർ പറയുന്നു. സ്കൂൾ കലോത്സവങ്ങളിലെ മിക്ക ഇനങ്ങളിലും മത്സരാർഥിയായി സ്നേഹയുണ്ടാകും. പഠനത്തിലും മിടുക്കി..

ഇതേ സ്കൂളിലാണ് സ്നേഹയുടെ ചേച്ചി മേഘയും പഠിച്ചിരുന്നത്. അതുകൊണ്ട് തന്നെ സ്നേഹയുടെ രക്ഷിതാക്കളെ അധ്യാപകർക്ക് നേരത്തേ പരിചയമുണ്ട്.

കോവിഡ് വ്യാപനത്തെത്തുടർന്ന് സ്കൂളുകൾ തുറക്കാത്തതിനാൽ, എട്ടാം ക്ലാസിലെ റിവിഷൻ ക്ലാസുകളാണ് ഇപ്പോൾ

ഓൺലൈനായി നടക്കുന്നത്. അടുത്ത ആഴ്ച ഒമ്പതാം തരത്തിലെ ക്ലാസുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പാഠപുസ്തകങ്ങൾ വാങ്ങാൻ സ്നേഹയെത്തിയത്. നിറയെ പ്രതീക്ഷയോടെ വാങ്ങിയ പാഠപുസ്തകങ്ങളുടെ താളുകൾക്കിടയിലും ഒമ്പതാം തരത്തിലെ ബെഞ്ചിലും ഇനി സ്നേഹയുണ്ടാവില്ല...

ഇല്ലാതായത് കുടുംബത്തിന്റെ പ്രതീക്ഷ

ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് അനന്തുവിന്റെ വിയോഗത്തിലൂടെ പൊലിഞ്ഞത്. കൂലിപ്പണിക്കാരനായ അച്ഛൻ കൃഷ്ണന്റെ പ്രതീക്ഷകളത്രയും അനന്തുവിലായിരുന്നു. പ്ലസ് ടു കഴിഞ്ഞ് നാട്ടിലെ ഒരു കടയിൽ കുറച്ചുനാൾ ജോലി ചെയ്തു. കൂടുതൽ മികച്ച ജോലി അന്വേഷിച്ചുള്ള യാത്രയിലായിരുന്നു അനന്തു.

എതിരേ വന്ന സ്കൂട്ടർ യാത്രികനും പരിക്ക്

അനന്തുവും സ്നേഹയും സഞ്ചരിച്ചിരുന്ന ബൈക്കിന് എതിരേ വന്ന സ്കൂട്ടർ യാത്രികൻ മാമ്പറ്റ സ്വദേശി പുളിയപ്പാറ രാജനും പരിക്കേറ്റിട്ടുണ്ട്. അനന്തു ടിപ്പറിനെ മറികടന്ന് വരുന്നതുകണ്ട രാജൻ ഇടതു വശത്തേക്ക് വെട്ടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു വലതു കൈയിലെ വിരൽ പൊട്ടിയ രാജനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.