കോഴിക്കോട്: രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനാണ് സി.പി.എം. ഭരണത്തുടർച്ച ഉപയോഗിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ കുറ്റപ്പെടുത്തി. ബി.ജെ.പി. നടത്തിയ പ്രതിഷേധജ്ജ്വാലയുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൊടകര സംഭവത്തെ ബി.ജെ.പി.യുമായി ബന്ധപ്പെടുത്തി പാർട്ടിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രതികളുടെ ഫോൺവിളികൾ പരിശോധിക്കുന്നതിനുപകരം വാദിയുടെ ഫോൺവിളികൾ അന്വേഷിക്കുകയാണ് ചെയ്യുന്നത്.

പ്രതികൾക്ക് സി.പി.എം., സി.പി.ഐ. എം.എൽ.എ.മാരുമായുള്ള ബന്ധത്തെപ്പറ്റിയും അന്വേഷിക്കണം. നിയമസഭയിൽ ഒരംഗം പോലുമില്ലാത്ത ബി.ജെ.പി.യെയാണ് സി.പി.എമ്മും കോൺഗ്രസും ഭയക്കുന്നത്. മോദിവിരുദ്ധ പ്രചാരണത്തിനുവേണ്ടി എത്രമാത്രം പ്രമേയങ്ങളാണ് ഇവർ നിയമസഭയിൽ പാസാക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.

കിഡ്‌സൺകോർണറിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ, ജില്ലാസെക്രട്ടറി നവ്യാ ഹരിദാസ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി. രനീഷ്, പ്രശോഭ് കോട്ടൂളി, നിപിൻ കൃഷ്ണൻ, ശ്യാം അശോക് തുടങ്ങിയവർ സംസാരിച്ചു.