കോഴിക്കോട് : പാളയത്ത് പേപ്പർ പ്ലേറ്റ്, ഡിസ്പോസിബിൾ കപ്പ് തുടങ്ങിയവ സൂക്ഷിച്ചിരുന്ന ഗോഡൗൺ കത്തിനശിച്ചു.

വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്. പുതിയകോവിലകംപറമ്പ് ശ്രീമാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള ഉമ്മർ സൺസ് കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. അനസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ.

ലോക്‌ഡൗണായതിനാൽ സമീപത്തെ ഓഫീസുകളോ കടകളോ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. മുറികളിൽ ആരുമുണ്ടായിരുന്നുമില്ല. തീപ്പിടിത്തമുണ്ടായ ഉടനെ പച്ചക്കറി മാർക്കറ്റിലെ പോർട്ടർമാർ കണ്ടു. അവർ വിളിച്ചറിയിച്ചതിനെത്തുടർന്ന് കോഴിക്കോട്ടുനിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. കെട്ടിടത്തിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഗോഡൗണിലുണ്ടായിരുന്ന സാധനങ്ങളിൽ 90 ശതമാനത്തോളം കത്തിനശിച്ചു.

സ്റ്റേഷൻ ഓഫീസർ പി. സതീശന്റെയും അസിസ്റ്റന്റ് ഓഫീസർമാരായ പി.കെ. അബ്ദുൾ ബഷീറിന്റെയും വി.കെ. ബിജുവിന്റെയും നേതൃത്വത്തിലാണ് തീയണച്ചത്.