കോഴിക്കോട്: അനിയന്ത്രിതമായി ഇന്ധനവില വർധിക്കുന്നതിനെതിരേ ഉപഭോക്താക്കൾക്ക് ഇന്ധനനികുതി തിരിച്ചുനൽകി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.

യൂത്ത് കോൺഗ്രസ് സംസ്ഥാനകമ്മിറ്റിയുടെ ടാക്സ് പേ ബാക്ക് സമരാഹ്വാനപ്രകാരം ജില്ലയിലെ 100 പെട്രോൾ പമ്പുകളിലായി 500 പേർക്കാണ് നികുതി തിരിച്ചുനൽകിയത്.

36 രൂപ വിലയുള്ള ഒരു ലിറ്റർ പെട്രോളിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് 55 രൂപയും 38.50 രൂപ വിലയുള്ള ഡീസലിന് 45 രൂപയും നികുതിയിനത്തിൽ ഈടാക്കുന്നുണ്ട്. 100 രൂപയ്ക്ക് ഇന്ധനംനിറച്ച 500 പേർക്ക് 60 രൂപ വീതമാണ് നൽകിയത്. 30,000 രൂപ വരുമിത്.

അധിക നികുതിഭാരം പിൻവലിച്ച് ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ടാക്സ് പേ ബാക്ക് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈ.എം.സി.എ. റോഡിലെ നാരായണ പെട്രോൾ പമ്പിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. പ്രവീൺ കുമാർ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ അധ്യക്ഷനായി.

എം. ധനീഷ് ലാൽ, വി.പി. ദുൽഖിഫിൽ, ഒ. ശരണ്യ, ബവിത്ത് മലോൽ, വി.ടി. നിഹാൽ, ശ്രീയേഷ് ചെലവൂർ, കൗൺസിലർ രാജേഷ് കരിക്കാംകുളം, അഷ്റഫ് എടക്കാട് എന്നിവർ നേതൃത്വംനൽകി.