കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന ചേവായൂർ എ.ഇ.ഒ. ഓഫീസിനുമുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന നാലു മരങ്ങൾ കെട്ടിടത്തിന് ഭീഷണിയാവുന്നു. ശിഖരങ്ങൾ അടർന്നുവീണ് പരിക്കേൽക്കുമോ എന്ന ആശങ്കയിലാണ് ഓഫീസിലെ 14 ജീവനക്കാർ. സമീപത്തെ മാറാട് കോടതിവളപ്പിലാണ് മരങ്ങൾ നിൽക്കുന്നത്.

അപകടകരമായ കൊമ്പുകൾ മുറിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഇ.ഒ., കോടതി അധികൃതർക്ക് എഴുതിയിട്ടുണ്ട്.

മഴക്കാലത്ത് കൊമ്പുകൾവീണ് ഓടുകൾ പൊട്ടി കെട്ടിടത്തിന് ചോർച്ചയുമുണ്ട്. ഫയലുകൾ നശിക്കുന്നതും കംപ്യൂട്ടറുകൾ തകരാറിലാവുന്നതും പതിവായതോടെയാണ് കൊമ്പുകൾ മുറിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെടുന്നത്. മുമ്പ് ഓടുകൾ പൊട്ടിയതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മരങ്ങളുടെ കൊമ്പ് മുറിച്ചിരുന്നു. പിന്നീട് മതിൽ കെട്ടിയതോടെ മരങ്ങൾ കോടതി വളപ്പിനുള്ളിലായി.

അധ്യാപകരുൾപ്പെടെ ഒട്ടേറെപേർ ദിവസേനയെത്തുന്ന ഓഫീസാണിത്. കാറ്റും മഴയും ശക്തമായാൽ മരങ്ങൾ കെട്ടിടത്തിനുമുകളിലേക്ക് നിലംപൊത്താവുന്ന സ്ഥിതിയുണ്ട്. രണ്ടുമരങ്ങൾ വളരെ പഴക്കംചെന്നതാണ്. അനേകവർഷംമുമ്പ് സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി വഴിയരികിൽ വെച്ചുപിടിപ്പിച്ച മരങ്ങളാണിവ.

മഴക്കാലം എങ്ങനെ കഴിച്ചുകൂട്ടുമെന്ന് ഭീതിയുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. വേനലിൽ തണലും കുളിർമയുമേകുന്ന മരങ്ങൾ മുറിച്ചുമാറ്റിയില്ലെങ്കിലും അപകടനിലയിലുള്ള കൊമ്പുകളെങ്കിലും നീക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ശിഖരങ്ങൾ മുറിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കും ആർ.ഡി.ഒ.യ്ക്കും കോർപ്പറേഷൻ അധികൃതർക്കും നിവേദനം നൽകിയിട്ടുണ്ട്.